ക്ഷേത്രങ്ങൾ സുരക്ഷിതമല്ല; മുംബൈ സിദ്ധിവിനായകയിൽ പ്രതിവർഷം 18 കോടിയുടെ വൻ തട്ടിപ്പെന്ന് രാജ് താക്കറെ!

by WhatsUp Mumbai

മുംബൈ: മുംബൈയിലെ പ്രശസ്തമായ പ്രഭാദേവി ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം 18 കോടി രൂപയുടെ കാണിക്കപ്പണം ചോർത്തുന്നതായി മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചു. ഇക്കാലത്ത് അമ്പലങ്ങൾ പോലും സുരക്ഷിതമല്ലെന്ന അവസ്ഥയാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർട്ടിയുടെ വിദ്യാർഥി വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് രാജ് താക്കറെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അയോധ്യയിലെ റാം ക്ഷേത്രത്തിൽ 1,400 കോടി രൂപയുടെ കാണിക്ക മോഷണം നടന്നതായും അദ്ദേഹം ആരോപിച്ചു. തൊഴിലില്ലായ്മയും നിരാശയും കാരണം യുവാക്കൾ പ്രാർഥിക്കാനെത്തുന്ന ക്ഷേത്രങ്ങളിൽ പോലും അഴിമതിയും മോഷണവും നടക്കുകയാണെന്ന് താക്കറെ കുറ്റപ്പെടുത്തി.

സിദ്ധിവിനായക ക്ഷേത്രത്തിലെ എട്ട് ട്രസ്റ്റികൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് അയച്ച കത്ത് ഉദ്ധരിച്ചായിരുന്നു താക്കറെയുടെ വെളിപ്പെടുത്തൽ. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് ജീവനക്കാർ പണം തട്ടിയെടുക്കുന്നത് ട്രസ്റ്റികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഇവർ പിടിയിലാവുകയുമായിരുന്നു. തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ് ക്ഷേത്രത്തിൽ ആഴ്ചയിൽ 50 ലക്ഷത്തിൽ താഴെ മാത്രമായിരുന്നു കാണിക്ക ലഭിച്ചിരുന്നത്. എന്നാൽ മോഷണം പിടിച്ചതിന് ശേഷം പ്രതിവാര കാണിക്ക 1.5 കോടി രൂപയായി ഉയർന്നുവെന്നും, ഇത് കണക്കാക്കുമ്പോൾ പ്രതിവർഷം 18 കോടി രൂപയോളം മോഷണം പോയിരുന്നുവെന്നും രാജ് താക്കറെ ചൂണ്ടിക്കാട്ടി. 2025-26 സാമ്പത്തിക വർഷത്തിൽ 182 കോടി രൂപ വരുമാനമുള്ള ക്ഷേത്രത്തിലാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് ക്ഷേത്ര ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ചെയർമാനും ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനാ നേതാവുമായ സദാ സർവങ്കർ സ്ഥിരീകരിച്ചു. ആവശ്യമായ ഇടങ്ങളിലെല്ലാം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം രണ്ട് വർഷം മുൻപുള്ള 114 കോടി രൂപയിൽ നിന്ന് 182 കോടി രൂപയായി ഉയർന്നത് ട്രസ്റ്റ് സ്വീകരിച്ച കാര്യക്ഷമമായ നടപടികൾ മൂലമാണെന്നും സദാ സർവങ്കർ കൂട്ടിച്ചേർത്തു.

You may also like