പൂനെ: കടുത്ത സാമ്പത്തിക ബാധ്യതകളെത്തുടർന്ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിനോദും കുടുംബവും പൂനെയിൽ ജീവനൊടുക്കിയ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് പ്രവാസി സമൂഹം. വിനോദ് കഴിഞ്ഞദിവസം മരണപ്പെട്ടതിന് പിന്നാലെ ഭാര്യ സിൽജ പിള്ളയും(44) മകൾ പൂർണിമയും (20) തൊട്ടടുത്ത ദിവസമായ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു . മൂവരുടെയും സംസ്കാരച്ചടങ്ങുകൾ ചൊവ്വാഴ്ച പൂനെയിൽ വച്ച് തന്നെ നടക്കും.
ദുരന്തവിവരമറിഞ്ഞ് വിനോദിന്റെയും സിൽജയുടെയും ഉറ്റബന്ധുക്കൾ നാട്ടിൽ നിന്നും പൂനെയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തിലാവും ചൊവ്വാഴ്ച സംസ്കാരം പൂർത്തിയാക്കുക.
എന്നാൽ കുടുംബത്തെ ഈ അറ്റകൈയിലേക്ക് നയിച്ച സാമ്പത്തിക ബാധ്യതയുടെ കൃത്യമായ കാരണം എന്താണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓൺലൈൻ ഗെയിമുകളിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണോ ദുരന്തത്തിന് വഴിവെച്ചത് എന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
അതേസമയം, ദുരന്ത വിവരമറിഞ്ഞത് മുതൽ പൂനെയിലെ പ്രവാസി മലയാളികളും സാമൂഹ്യപ്രവർത്തകരും വലിയ പിന്തുണയുമായി രംഗത്തുണ്ട്. മലയാളി സാമൂഹ്യപ്രവർത്തകരായ ഗോപകുമാർ, സുരേഷ് ബാബു, സനി മാത്യു, കുര്യൻ, ലിജോ, ബാലാജി, അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ, പോലീസ് അനുമതികൾ, സംസ്കാരച്ചടങ്ങുകൾക്കായുള്ള ക്രമീകരണങ്ങൾ തുടങ്ങിയ ഔദ്യോഗിക കാര്യങ്ങൾ വേഗത്തിലാക്കാൻ ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും സജീവമായി ഏകോപിപ്പിച്ചു വരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.