ഹോളി ദിനത്തിൽ മുംബൈയിൽ കർശന നടപടി; 19 മണിക്കൂറിൽ 16,727 കേസുകൾ, പിഴയായി കോടികൾ

by

മുംബൈ: ഹോളി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഗതാഗതനിയമലംഘനങ്ങൾക്കെതിരെ ട്രാഫിക് പോലീസ് വ്യാപക പരിശോധന നടത്തി. വെറും 19 മണിക്കൂറിനിടെ 16,727 നിയമലംഘനങ്ങൾ കണ്ടെത്തി കേസെടുത്തതായി അധികൃതർ അറിയിച്ചു. ഇതിലൂടെ ഏകദേശം 1.99 കോടി പിഴയായി ഈടാക്കി.

മാർച്ച് 3ന് അർധരാത്രി മുതൽ വൈകിട്ട് 7 മണിവരെ നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു .

മദ്യപിച്ച് വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കൽ, അതിവേഗം, ട്രാഫിക് സിഗ്നൽ ലംഘനം, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി എടുത്തത്.

പരിശോധനയിൽ 159 പേർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്തതോടൊപ്പം ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.

കേസുകളിൽ ഏറ്റവും കൂടുതൽ അതിവേഗ യാത്ര (4,485)യും ഹെൽമെറ്റ് ധരിക്കാതെ സഞ്ചാരം (4,317)ഉം ആയിരുന്നു. കൂടാതെ ഗതാഗത തടസ്സം സൃഷ്ടിച്ചത് (2,532), ട്രാഫിക് സിഗ്നൽ ലംഘനം (610), മൂന്ന് പേർ ചേർന്ന് ഇരുചക്രവാഹനത്തിൽ സഞ്ചാരം (530), ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ (431), ‘നോ എൻട്രി’ ലംഘനം (278) എന്നീ കേസുകളും രേഖപ്പെടുത്തി.

ഇതിന് പുറമെ വിപരീത ദിശയിൽ വാഹനമോടിച്ച 20 കേസുകൾ കോടതിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. സിസിടിവി നിരീക്ഷണം, ഇ-ചലാൻ സംവിധാനം, ബ്രത്ത് അനലൈസർ പരിശോധന എന്നിവ ഉപയോഗിച്ചാണ് കർശന നടപടി സ്വീകരിച്ചത്.

ഉത്സവങ്ങൾ ആഘോഷിക്കുമ്പോഴും ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുംബൈ ട്രാഫിക് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You may also like