കർണാടക കോളേജുകളിൽ എച്ച്.ഐ.വി പടരുന്നു: 7,000 വിദ്യാർഥികൾക്ക് രോഗബാധ; സർക്കാർ നീക്കം ശക്തം

by WhatsUp Mumbai

ബെംഗളൂരു: കർണാടകയിലെ കാമ്പസുകളെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തി എച്ച്.ഐ.വി (HIV) രോഗബാധയുടെ വൻ വർധന. 18-നും 25-നും ഇടയിൽ പ്രായമുള്ള 7,000-ത്തിലധികം കോളേജ് വിദ്യാർഥികൾക്ക് അടുത്തിടെ എച്ച്.ഐ.വി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ എൻജിനീയറിംഗ്, ഡിഗ്രി കോളേജുകളിലും കൗൺസിലിംഗും പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കാൻ സർക്കാർ നിർദേശം നൽകി. 

കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) പ്രത്യേക അഭ്യർഥനയെത്തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (VTU) കോളേജിയറ്റ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റുമാണ് ക്യാമ്പസുകളിൽ ‘ഇന്റഗ്രേറ്റഡ് ഹെൽത്ത് ക്യാമ്പ്’ (IHC) സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിലും ഈ പരിശോധനകളും കൗൺസിലിംഗും സംഘടിപ്പിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മാർഗനിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് നടപടി. 

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (NACO) ‘സങ്കലക് 2024’ റിപ്പോർട്ട് അനുസരിച്ച്, എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ 2.60 ലക്ഷത്തോളം എച്ച്.ഐ.വി ബാധിതർ സംസ്ഥാനത്തുണ്ട്. ഇതിൽ 2.05 ലക്ഷം പേർ ആന്റിറെട്രോവൈറൽ തെറാപ്പി (ART) ചികിത്സ സ്വീകരിക്കുന്നുണ്ടെങ്കിലും, 54,000-ത്തോളം പേർ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണെന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.  

18 മുതൽ 35 വരെ പ്രായമുള്ള ചെറുപ്പക്കാരിലാണ് രോഗവ്യാപനം ഏറ്റവും വേഗത്തിൽ നടക്കുന്നത്. 2023-24 കാലയളവിൽ ഈ പ്രായപരിധിയിൽ 44,500 എച്ച്.ഐ.വി ബാധിതരുണ്ടായിരുന്നത് 2025-26 ആയപ്പോഴേക്കും 66,600 ആയി ഉയർന്നു.  

മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ’ (MAS) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പസുകളിൽ ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും നടപടികൾ. ഇതിനായി ‘Know Your HIV Status’ എന്ന പേരിൽ ക്യു.ആർ (QR) കോഡ് അധിഷ്ഠിതമായ പ്രത്യേക ആപ്പും കെ.എസ്.എ.പി.എസ് (KSAPS) വികസിപ്പിച്ചിട്ടുണ്ട്.  

​ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് സ്വന്തം ജീവിതശൈലിയും വ്യക്തിഗത വിവരങ്ങളും വിലയിരുത്തി രോഗസാധ്യത സ്വയം മനസിലാക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. ആരുടെയും നിർബന്ധത്തിന് വഴങ്ങിയാകില്ല പരിശോധനകൾ. വിദ്യാർഥികളുടെ പൂർണ സമ്മതത്തോടെ മാത്രമേ രക്തപരിശോധനയും തുടർനടപടികളും നടത്തുകയുള്ളൂവെന്നും ബോധവൽക്കരണത്തിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

You may also like