താനെ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമേകി ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS). താനെ സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂളിന് സമീപത്തെ ചേരിപ്രദേശത്ത് താമസിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ ഒരു വർഷത്തെ മുഴുവൻ സ്കൂൾ ഫീസാണ് സംഘടന ഏറ്റെടുത്തത്. സ്കോളർഷിപ്പ് തുകയായ ₹40,340 രൂപയുടെ ചെക്ക് എച്ച്.ജി.എ.ബി.എസ് ഭാരവാഹികൾ സെന്റ് ജോസഫ് സ്കൂൾ മാനേജ്മെന്റിന് കൈമാറി. തുടർച്ചയായ നാലാം വർഷമാണ് സംഘടന ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകുന്നത്.
കഴിഞ്ഞ ജൂൺ 25-ന് സ്കൂളിൽ നടന്ന സൗജന്യ നോട്ട് പുസ്തക വിതരണ ചടങ്ങിലാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായ മൂന്ന് വിദ്യാർത്ഥികൾക്ക് സഹായം നൽകണമെന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും അഭ്യർത്ഥിച്ചത്.
തുടർന്ന്, വിദ്യാർത്ഥികളുടെ കുടുംബങ്ങളുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ സന്നദ്ധ പ്രവർത്തകർ നേരിട്ടെത്തി പരിശോധിച്ച് അർഹത ഉറപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ അധ്യയന വർഷത്തെ പൂർണ്ണ സ്കൂൾ ഫീസ് വഹിക്കാൻ സംഘടന തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിനു വേണ്ടി ശശികുമാർ നായരാണ് പ്രസ്താവനയിലൂടെ വിവരങ്ങൾ പങ്കുവെച്ചത്.