താനെ: കായിക മേഖലയ്ക്ക് വൻ കുതിപ്പേകാൻ താനെയിൽ അത്യാധുനിക ഷൂട്ടിംഗ് റേഞ്ചും മൾട്ടി-പർപ്പസ് സൗകര്യങ്ങളുമുള്ള ബഹുനില മന്ദിരം ഉയരുന്നു. താനെ ഒവ്ല-മാജിവഡ മണ്ഡലത്തിലെ വാഗ്ബീലിൽ (ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപം) നിർമ്മിക്കുന്ന ഈ സ്വപ്ന പദ്ധതിക്കായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ കീഴിലുള്ള നഗരവികസന വകുപ്പ് 26 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.
താനെ മുൻസിപ്പൽ കോർപ്പറേഷന്റെ 2020.48 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്ലോട്ടിൽ, ഏകദേശം 4522.05 ചതുരശ്ര മീറ്റർ നിർമ്മാണ വിസ്തീർണ്ണത്തിലാണ് ഈ ബഹുനില സമുച്ചയം നിർമ്മിക്കുന്നത്. ബേസ്‌മെന്റിൽ 30 കാറുകൾക്കും 50 സ്കൂട്ടറുകൾക്കുമുള്ള പാർക്കിംഗ് സൗകര്യമുണ്ടാകും. ഗ്രൗണ്ട് ഫ്ലോറിൽ ട്രെയിനിംഗ് ഹാൾ, കഫേ, അടുക്കള, വിശ്രമമുറി, ആയുധ-ഉപകരണ വിതരണ ഓഫീസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ സജ്ജീകരിക്കും.
ആദ്യ നിലയിൽ 65 കാണികൾക്ക് ഇരിക്കാവുന്ന 10 മീറ്റർ ഷൂട്ടിംഗ് റേഞ്ചിന്റെ 11 ലെയ്നുകൾ, ട്രെയിനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ, പ്ലെയർ ലോഞ്ച് എന്നിവയുണ്ടാകും. രണ്ടാം നിലയിൽ 55 ഇരിപ്പിടങ്ങളോടെ 25 മീറ്റർ ഷൂട്ടിംഗ് റേഞ്ചിന്റെ 10 ലെയ്നുകളും, മൂന്നാം നിലയിൽ 40 ഇരിപ്പിടങ്ങളോടെ 50 മീറ്റർ ഷൂട്ടിംഗ് റേഞ്ചിന്റെ 8 ലെയ്നുകളും കൺട്രോൾ റൂമുകളും ഉൾപ്പെടുത്തും.
നഗരത്തിന്റെ വളർച്ചയ്‌ക്കൊപ്പം കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും അത്യാധുനിക സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ പ്രതാപ് സർനായിക് വ്യക്തമാക്കി. പുതിയ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും ദേശീയ-അന്തർദേശീയ തലത്തിലേക്ക് അവരെ വളർത്തിയെടുക്കാനുമുള്ള ഒരു പ്രധാന കേന്ദ്രമായി ഇത് മാറും