മുംബൈ: മഹാരാഷ്ട്രയിൽ തെരുവുനായ്ക്കളുടെ ആക്രമണം അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് ഔദ്യോഗിക കണക്കുകൾ. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള വെറും 90 ദിവസത്തിനകം സംസ്ഥാനത്ത് 4.88 ലക്ഷത്തിലധികം (അഞ്ചു ലക്ഷത്തിനടുത്ത്) പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. പൊതുജനാരോഗ്യ ഡയറക്ടറേറ്റ് പുറത്തുവിട്ട ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പടർത്തുകയാണ്. എന്നാൽ, അധികൃതർ പുറത്തുവിട്ട ഈ ഭീമമായ കണക്കുകൾ കൃത്രിമമാണെന്നും ഡാറ്റാ ശേഖരണത്തിലെ അപാകതയാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണവുമായി മൃഗസംരക്ഷണ പ്രവർത്തകർ രംഗത്തെത്തിക്കഴിഞ്ഞു.
സർക്കാർ പൊതുജനങ്ങൾക്ക് മുന്നിൽ വെച്ച കണക്കുകൾ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ചതല്ലെന്നാണ് ആക്ടിവിസ്റ്റുകളുടെ പ്രധാന ആക്ഷേപം. നായ്ക്കളുടെ കടിയേറ്റ് ഒരാൾ തന്നെ അഞ്ചോ ആറോ തവണ പ്രതിരോധ കുത്തിവെപ്പിനായി ആശുപത്രികളിൽ എത്തുമ്പോൾ, ഓരോ സന്ദർശനത്തെയും പുതിയ കേസുകളായിട്ടാണ് അധികൃതർ രേഖപ്പെടുത്തിയിരിക്കുന്നത്. ഡാറ്റാ എൻട്രിയിലെ ഈ ഗുരുതരമായ പിഴവാണ് യഥാർത്ഥത്തിലുള്ളതിനേക്കാൾ വലിയ സംഖ്യ കണക്കുകളിൽ വരാൻ കാരണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ നടപ്പിലാക്കേണ്ട അനിമൽ ബർത്ത് കൺട്രോൾ (ABC) പദ്ധതികൾ പൂർണ്ണമായും പരാജയപ്പെട്ടതാണ് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണം. സുപ്രീം കോടതിയുടെയും ആനിമൽ വെൽഫെയർ ബോർഡിന്റെയും മാനദണ്ഡങ്ങൾ ലംഘിച്ചാണ് പലയിടങ്ങളിലും വന്ധ്യംകരണ പ്രക്രിയകൾ നടക്കുന്നത്. വന്ധ്യംകരണവും വാക്സിനേഷനും കൃത്യമായി നടക്കാത്തതിനാൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവുകളിൽ നായ്ക്കൾ പെരുകുകയാണ്.
അധികൃതർ ഇത്തരം അശാസ്ത്രീയമായ കണക്കുകൾ നിരത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതിന് പകരം സുതാര്യത ഉറപ്പാക്കണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം. കണ്ണിൽപൊടിയിടുന്ന നടപടികൾ അവസാനിപ്പിച്ച്, തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ കൃത്യമായ വന്ധ്യംകരണ പദ്ധതികളും വാക്സിനേഷൻ ഡ്രൈവുകളും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.