മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ മാനസിക അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവാവിനെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ സിവിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസിലൂടെ സ്വദേശത്തേക്ക് യാത്രയാക്കി. മലപ്പുറം എടപ്പാൾ സ്വദേശിയായ സാദിഖ് (33) ഇന്ന് (03/04/2026) രാവിലെ 11.30ഓടെ പൊന്നാനി–എടപ്പാൾ ഭാഗത്തേക്ക് യാത്ര തിരിച്ചു.
എറണാകുളം–ഡൽഹി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സാദിഖിന് മാനസിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് മാർച്ച് 28 മുതൽ ചന്ദ്രാപൂർ സിവിൽ ആശുപത്രിയിൽ RPF/GRP ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ ചികിത്സയിൽ തുടരുകയായിരുന്നു. ചന്ദ്രാപൂർ കേരള സമാജത്തിന്റെ ഇടപെടലോടെയാണ് പിന്നീട് സാദിഖിനെ ഏറ്റെടുത്തത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന RPF/GRP ഉദ്യോഗസ്ഥർ പലവട്ടം ശ്രമിച്ചിട്ടും ബന്ധുക്കളിൽ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാതിരുന്നതായി അറിയുന്നു. നാട്ടിലെ ബന്ധുക്കൾ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, കാലടി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, പൊന്നാനി പൊലീസ് എന്നിവരിൽ നിന്ന് പ്രതീക്ഷിച്ച ഇടപെടൽ ഉണ്ടായില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഇതിനിടെ സാദിഖിന്റെ മാതാവ് ഫാത്തിമ (60) നേരിടുന്ന നിസ്സഹായാവസ്ഥ പരിഗണിച്ച് കൊങ്കൺ യാത്രാവേദി–ഹെൽപ് ഡെസ്ക് മഹാരാഷ്ട്ര രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എടപ്പാളിൽ നിന്ന് ആംബുലൻസും രണ്ട് ജീവകാരുണ്യ പ്രവർത്തകരെയും എത്തിച്ചാണ് സാദിഖിനെ ഏറ്റുവാങ്ങിയത്. തുടർന്ന് ധനസമാഹരണം നടത്തി മുഴുവൻ ചെലവും കണ്ടെത്തി നാട്ടിലേക്ക് യാത്രയാക്കി.
ഈ ദൗത്യത്തിൽ ശിവൻകുട്ടി, കൊളാബ മലയാളി സമാജം പ്രതിനിധി ഹാരീസ്, ചന്ദ്രാപൂർ കേരള സമാജം പ്രസിഡന്റ് ഷാജി ജോൺ, രാധാകൃഷ്ണൻ ടി.വി., ബി.ആർ.കെ. ഉണ്ണിത്താൻ, കൊങ്കൺ യാത്രാവേദി ഭാരവാഹികളായ രഘുനാഥൻ പിള്ള എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. RPF/GRP ഉദ്യോഗസ്ഥരും സിവിൽ ആശുപത്രി ജീവനക്കാരും ഉൾപ്പെടെ സഹകരിച്ച എല്ലാവർക്കും സംഘടന നന്ദി അറിയിച്ചു.
മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി ഈ രക്ഷാപ്രവർത്തനം സമൂഹത്തിൽ ശ്രദ്ധ നേടുന്നു. അന്യനായ ഒരാളുടെ ദുരിതത്തിൽ കൈത്താങ്ങായി മുന്നോട്ട് വന്ന ഈ കൂട്ടായ്മയുടെ ഇടപെടൽ, സമൂഹത്തിലെ മനുഷ്യനന്മയുടെ മൂല്യങ്ങൾ ഇപ്പോഴും സജീവമാണെന്നതിന് തെളിവായാണ് വിലയിരുത്തപ്പെടുന്നത്.