പാർലമെന്റിലെ എസ്‌ഐആർ പ്രതിഷേധം: ഉവൈസിയുടെ ഭീഷണിക്ക് വഴങ്ങി യൂസുഫ് പത്താൻ പിന്മാറിയെന്ന് മഹുവ മൊയ്ത്ര

by WhatsUp Mumbai

​ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ, പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനെതിരെ കടുത്ത വിമർശനവുമായി ടി.എം.സി നേതാവ് മഹുവ മൊയ്ത്ര. പാർലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ ബിജെപിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് യൂസുഫ് പത്താനെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി മഹുവ രംഗത്തെത്തി.

ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണ് പാർലമെന്റിൽ നടന്ന സംഭവം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ഈ വാർത്ത സ്ഥിരീകരിച്ച് മഹുവ ട്വീറ്റ് ചെയ്യുകയായിരുന്നു. സഭയിലെ പ്രതിഷേധത്തിനിടെ യൂസുഫ് പത്താന്റെ അടുത്തെത്തിയ ഉവൈസി, ബിജെപിയെ ശത്രുക്കളാക്കിയാൽ ഗുജറാത്തിലുള്ള അദ്ദേഹത്തിന്റെ വീട് ബുൾഡോസർ വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭയന്നുപോയ പത്താനെ അന്ന് താൻ ആശ്വസിപ്പിച്ചതായും, എന്നാൽ ഒരു നട്ടെല്ലില്ലാത്ത ചതിയന് വേണ്ടിയാണ് അന്ന് സഭയിൽ വാദിച്ചതെന്നതിൽ ഖേദമുണ്ടെന്നും മഹുവ കുറിച്ചു.

ചീഫ് വിപ്പ് കാക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ ഒരുങ്ങുന്ന 20 തൃണമൂൽ ലോക്സഭാ എംപിമാരിൽ യൂസുഫ് പത്താനും ഉൾപ്പെടുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ വെളിപ്പെടുത്തൽ.

You may also like