മുംബൈ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് മുന്നോടിയായി മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ‘യോഗ വിത്ത് യൂത്ത് 2026’ കൗണ്ട്ഡൗൺ പരിപാടി വൻ വിജയമായി. ആയുഷ് മന്ത്രാലയം, ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്, മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ആയിരത്തിലധികം വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും പങ്കെടുത്തു. “ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ” എന്നതായിരുന്നു ഈ വർഷത്തെ മുഖ്യ പ്രമേയം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗ ഇന്ന് ഒരു ആഗോള പ്രസ്ഥാനമായി മാറിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. ‘വികസിത് ഭാരത് 2047’ എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ യോഗ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത നടനും മാർഷ്യൽ ആർട്ടിസ്റ്റുമായ വിദ്യുത് ജാംവാൽ നയിച്ച ‘ശംഖനാദം’ സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി.
യുവതലമുറയിൽ യോഗയെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരുന്നതിന്റെ തെളിവാണ് ഈ വലിയ പങ്കാളിത്തമെന്ന് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ ഗൈഡ് കമലേഷ് പട്ടേൽ (ദാജി) അഭിപ്രായപ്പെട്ടു. യോഗയിലൂടെയും ധ്യാനത്തിലൂടെയും യുവമനസ്സുകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് യൂത്ത് പ്രോഗ്രാംസ് ഡയറക്ടർ ഡോ. നിവേദിത ശ്രേയാൻസ് സംസാരിച്ചു.
ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ മഹാരാഷ്ട്ര ആയുഷ് ഡയറക്ടർ ഡോ. രാമൻ ഘുങ്‌രലേക്കർ, കൈവല്യധാമ സിഇഒ സുബോധ് തിവാരി, മുൻ ഉപ ലോകായുക്ത സഞ്ജയ് ഭാട്ടിയ, ഒളിമ്പ്യൻ അയോണിക പോൾ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു