നാസിക്: സഹജീവി സ്നേഹവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) മഹിളാ വിംഗ് കരുതലിന്റെ പുതിയൊരു മാതൃക തീർക്കുന്നു. സുർഗാന താലൂക്കിലെ ദേവിപാട സർക്കാർ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി പി.ടി. യൂണിഫോമുകൾ, ഗ്യാസ് സ്റ്റൗവ്, കുടകൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യസാധനങ്ങൾ ഇവർ വിതരണം ചെയ്തു.
2026 ഓഗസ്റ്റ് 1-ന് എൻ.എം.സി.എയുടെ അക്ഷര എജ്യുക്കേഷണൽ അക്കാദമിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ത്ര്യംബകേശ്വർ മുനിസിപ്പൽ കൗൺസിലർ ശ്രീ. വിഷ്ണു ഡോബാഡെ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ദേവിപാട സർക്കാർ പ്രാഥമിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ സ്കൂളിനുവേണ്ടി സഹായസാമഗ്രികൾ ഏറ്റുവാങ്ങി.
മഹിളാ വിംഗ് പ്രസിഡന്റ് ശ്രീരേഖ ടീച്ചർ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ 39 വർഷങ്ങളായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യം, സാമൂഹിക ക്ഷേമം, സാംസ്കാരിക രംഗങ്ങൾ എന്നിവയിൽ നടപ്പാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്രീ. ഗോകുലം ഗോപാലകൃഷ്ണ പിള്ള അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കും മുൻഗണന നൽകി സംഘടന തുടർന്നും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് മഹിളാ വിംഗ് ട്രഷറർ ശ്രീമതി രമ്യ ബാബു ടീച്ചർ നന്ദി രേഖപ്പെടുത്തി. എൻ.എം.സി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മഹിളാ വിംഗ് ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, അസോസിയേഷൻ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസ അവസരങ്ങൾ പരിമിതമായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുകയും, അവരുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് കരുത്തേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മഹിളാ വിംഗ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്. നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധതയുടെയും സേവനപാരമ്പര്യത്തിന്റെയും മറ്റൊരു ശ്രദ്ധേയമായ അധ്യായമായി ഈ സംരംഭം മാറി.