താനെ: വിശ്വാസത്തിൻ്റെയും ആഘോഷത്തിൻ്റെയും ഉത്സവമായി മാറുന്ന ഗണേഷ് ചതുർഥി മുംബൈയെ ഒന്നാകെ ഒരുമിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ ഉത്സവപ്പൊലിമയിൽ പങ്കുചേർന്ന് മുംബൈ മലയാളി സമാജം താനെ യൂണിറ്റ് ശാന്തിനഗറും ഇത്തവണത്തെ ഗണേശോത്സവം വിപുലമായി ആഘോഷിച്ചു. പതിവ് തെറ്റിക്കാതെ ഒന്നര ദിവസത്തെ പൂജകൾക്ക് ശേഷമാണ് സമാജം ഗണപതിവിഗ്രഹം നിമഞ്ജനം ചെയ്തത്.

1989-ൽ പ്രവർത്തനം ആരംഭിച്ച സമാജം ഇത് പതിനഞ്ചാം വർഷമാണ് ഗണപതി പ്രതിഷ്ഠ നടത്തുന്നത്. താനെ വാഗ്ലെ എസ്റ്റേറ്റ് ശാന്തിനഗറിലുള്ള സമാജം ഓഫീസിലാണ് ഗണപതിയെ പൂജയ്ക്കായി എഴുന്നള്ളിച്ചു വെക്കാറുള്ളത്.

കേരളീയ ശൈലിയിലുള്ള താലപ്പൊലിയോടെയാണ് ഓരോ വർഷവും വിഗ്രഹം നിമഞ്ജനത്തിനായി കൊണ്ടുപോകുന്നത് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പരമ്പരാഗത കേരളീയ വസ്ത്രധാരണത്തോടെ സ്ത്രീകളും കുട്ടികളും നിമഞ്ജന ഘോഷയാത്രയിൽ അണിനിരക്കുന്നത് ചടങ്ങിന് വേറിട്ട കാഴ്ചയും ഐശ്വര്യവും പകർന്നു.




