6 രൂപയുടെ സിറിഞ്ചിന് 57, 11-ൻ്റെ ഐവി സെറ്റിന് 325, 45-ൻ്റെ മാസ്കിന് 715! സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ കേന്ദ്രത്തിന് കത്തുമായി തുക്കാറാം മുണ്ടെ

by WhatsUp Mumbai

മുംബൈ: സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് ചികിത്സാ ഉപകരണങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ. ആശുപത്രികൾ ഈ സാധനങ്ങൾ വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന തുകയും തമ്മിൽ 2,841 ശതമാനം വരെ ഭീമമായ വ്യത്യാസമുണ്ടെന്നാണ് സംസ്ഥാന എഫ്.ഡി.എ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഇത്തരം ഉൽപന്നങ്ങളുടെ വില നിയന്ത്രിക്കണമെന്നും കച്ചവടക്കാരുടെയും ആശുപത്രികളുടെയും ലാഭവിഹിതത്തിന് കൃത്യമായ പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് തുക്കാറാം മുണ്ടെ കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പിനും ദേശീയ ഔഷധ വിലനിർണയ അതോറിറ്റിക്കും (എൻ.പി.പി.എ) കത്തെഴുതി.

ആശുപത്രികൾ 11.05 രൂപയ്ക്ക് വാങ്ങുന്ന ഡ്രിപ്പ് സെറ്റുകൾ (ഐ.വി ഇൻഫ്യൂഷൻ സെറ്റ്) രോഗികൾക്ക് 325 രൂപയ്ക്കാണ് ബിൽ ചെയ്യുന്നത്. ഇതുപോലെ 29.41 രൂപയ്ക്ക് വാങ്ങുന്ന ട്യൂബുകൾക്ക് (കത്തീറ്റർ) രോഗികളിൽ നിന്ന് ഈടാക്കാൻ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വില 310 രൂപയാണ്. സിറിഞ്ചുകൾ, ശ്വസന ഉപകരണങ്ങൾ (നെബുലൈസറുകൾ), ഓക്സിജൻ മാസ്കുകൾ തുടങ്ങിയ സാമഗ്രികളിലും ഭീമമായ തുകയാണ് അധികമായി ഈടാക്കുന്നത്.

മരുന്നുകളുടെ വില നിയന്ത്രിക്കാൻ കേന്ദ്ര നിയമങ്ങളുണ്ടെങ്കിലും, ആശുപത്രികളിൽ ഉപയോഗിക്കുന്ന പലവിധ ചികിത്സാ സാമഗ്രികളും നിലവിൽ നേരിട്ടുള്ള വിലനിയന്ത്രണ പരിധിക്ക് പുറത്താണ്. ഈ നിയമപരമായ വിടവ് മുതലെടുത്താണ് ഉൽപ്പാദകരും വിതരണക്കാരും ആശുപത്രികളും ചേർന്ന് രോഗികളിൽ നിന്ന് വൻ തുക ഈടാക്കുന്നത്.

ഇതൊരു കേവല വിലവിവര തർക്കമല്ലെന്നും, മറിച്ച് രോഗികളുടെ സംരക്ഷണവും അവകാശവുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമാണെന്നും തുക്കാറാം മുണ്ടെ വ്യക്തമാക്കി. ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് ഉപകരണങ്ങളുടെ യഥാർത്ഥ വില അറിയാൻ വഴയില്ലാത്തതിനാൽ അവർ ചൂഷണത്തിന് ഇരയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You may also like