മുംബൈ:ബോഡിഗാർഡുകളുമില്ല, ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകളുമില്ല… തെരുവിൽ കൈനീട്ടി നില്‍ക്കുന്ന ഒരു സാധാരണ ഭിക്ഷാടകൻ. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനായ ജനപ്രതിനിധിയും ബിജെപി എംഎൽഎയുമായ പരാഗ് ഷായാണ് ജീവിതത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ വേഷപ്രച്ഛന്നനായി തെരുവിലിറങ്ങിയത്. ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ജനപ്രതിനിധിയായ പരാഗ് ഷാ ഭിക്ഷാടകന്റെ വേഷത്തിൽ തെരുവിൽ കഴിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജൈന മതവിശ്വാസത്തിൽ പ്രാധാന്യമുള്ള വിശേഷപ്പെട്ട മാസത്തിൽ തന്റെ ആത്മീയ ഗുരുവായ നമ്രമുനിയുടെ ഉപദേശപ്രകാരമാണ് പരാഗ് ഷാ ഈ വേറിട്ട പരീക്ഷണത്തിന് മുതിർന്നത്. സ്വന്തം സുരക്ഷാ ജീവനക്കാരെയും വാഹനങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും പൂർണ്ണമായും ഒഴിവാക്കിയ അദ്ദേഹം, ആരും തിരിച്ചറിയാതിരിക്കാൻ പ്രത്യേക മേക്കപ്പ് അണിഞ്ഞാണ് മണിക്കൂറുകളോളം ഘാട്കോപ്പറിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചത്. തെരുവിൽ കൈനീട്ടി ലഭിച്ച ഭക്ഷണവും കഴിച്ച് വഴിയോരത്ത് ഇരുന്നായിരുന്നു എംഎൽഎയുടെ ഈ യാചന.
ലഭിക്കുന്ന സ്വീകാര്യതയുടെയും ബഹുമാനത്തിന്റെയും യഥാർത്ഥ വശം മനസ്സിലാക്കാൻ ഈ അനുഭവം സഹായിച്ചതായി റിയൽ എസ്റ്റേറ്റ് വ്യവസായി കൂടിയായ പരാഗ് ഷാ വ്യക്തമാക്കി. “നമ്മെ കാണാൻ വരിനിൽക്കുന്ന ആളുകളുടെ മുന്നിലേക്ക് ഒരു ഭിക്ഷാടകനായി ചെല്ലുമ്പോൾ, അവരുടെ സ്ഥാനം നമ്മളെക്കാൾ ഉയരത്തിലാകും. അതാണ് ജീവിതത്തിന്റെ യഥാർത്ഥ പ്രതിഫലനം,” അദ്ദേഹം പറഞ്ഞു.
മുംബൈ നഗരത്തിന്റെ നന്മയും പരസ്പര സഹായമനസ്കതയും നേരിട്ടറിയാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരാൾ എനിക്ക് 20 രൂപ തന്നിട്ട് ‘പോയി എന്തെങ്കിലും വാങ്ങിച്ച് കഴിക്ക് ബാബാ’ എന്ന് പറഞ്ഞു. അവിടെയുണ്ടായിരുന്ന ഒരു സമോസ വിൽപ്പനക്കാരനോട് പണമില്ലെന്ന് പറഞ്ഞപ്പോഴും, ഒട്ടും മടി കാണിക്കാതെ പുഞ്ചിരിയോടെ അയാൾ എനിക്ക് സമോസ തന്നു. വലിയ സാമ്പത്തികശേഷിയൊന്നുമില്ലാത്ത ഒരു സാധാരണ വഴിയോരക്കച്ചവടക്കാരനാണ് അത് ചെയ്തത്,” എന്ന് അദ്ദേഹം ഓർത്തെടുത്തു.

പിന്നീട് മേക്കപ്പ് അഴിച്ചുമാറ്റി സാധാരണ രൂപത്തിൽ ഇതേ സ്ഥലങ്ങളിൽ തിരിച്ചെത്തിയ അദ്ദേഹം അവിടെയുള്ള ആളുകളോട് സംസാരിക്കുകയും അവരുടെ പ്രതികരണങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സത്യവാങ്മൂലം അനുസരിച്ച് 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയായിരുന്നു പരാഗ് ഷാ. മുൻപ് ബൃഹന്മുംബൈ കോർപ്പറേഷനിൽ (ബിഎംസി) കൗൺസിലർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.