ദിവ്യപ്രകാശത്തിന്റെ കാവ്യഭംഗിയുമായി കെ.ആർ. മൃദുലയുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

by WhatsUp Mumbai

മുംബൈ: കെ.ആർ. മൃദുല രചിച്ച, ‘ദിവ്യപ്രകാശം’ എന്ന ആശയത്തെ ആധാരമാക്കിയുള്ള ‘ഫ്രം ദി ലൈറ്റ് ഇറ്റ് ഫ്ലോസ്’ (From The Light It Flows), ‘ഫ്രം ദി ഐ, ഇറ്റ് ഫ്ലോസ് (ഫ്രം ദി ലൈറ്റ് ഇറ്റ് ഫ്ലോസ് – പാർട്ട് 2)’ എന്നീ ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ മുംബൈയിൽ പ്രകാശനം ചെയ്തു.

മുംബൈ ശ്രീനാരായണ മന്ദിര സമിതിയുടെ ആസ്ഥാനമായ ചെമ്പൂർ ഗുരുസെന്റർ വിദ്യാഭ്യാസ സമുച്ചയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മഹാരാഷ്ട്ര അസിസ്റ്റന്റ് അഡിഷണൽ ഡി.ജി.പി അശ്വതി ഡോർജെ, മുംബൈ ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ എന്നിവർ ചേർന്നാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. ശിവഗിരി മഠം മുൻ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ചടങ്ങിൽ തന്റെ കാവ്യജീവിതത്തെയും പുസ്തകങ്ങളെയും കുറിച്ച് രചയിതാവ് കെ.ആർ. മൃദുല പങ്കുവെച്ച വാക്കുകൾ

​”ജീവിതത്തിലെ മറ്റെല്ലാ സൗഭാഗ്യങ്ങളെയും പോലെ കവിതയും എനിക്ക് ദൈവത്തിന്റെ നിർമ്മലമായ അനുഗ്രഹമാണ്. പ്രതീക്ഷിക്കാത്ത ഏതോ ഒരു നിമിഷത്തിൽ, ദിവ്യമായ ഒരു ഉറവ പോലെയാണ് കവിത എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയത്. ഇതിലെ വരികൾ വെറും വാക്കുകളല്ല; പരമാത്മാവിന്റെ നയനങ്ങളിൽ നിന്ന് ഉതിർന്ന ആ ദിവ്യപ്രകാശത്തിന്റെ കണികകളാണ്. ഗംഗാ നദിയുടെ വിശുദ്ധിപോലെ എന്നിലൂടെ ഒഴുകിയിറങ്ങിയ പവിത്രമായ ചിന്തകളാണവ.

​’ഫ്രം ദി ലൈറ്റ് ഇറ്റ് ഫ്ലോസ്’, ‘ഫ്രം ദി ഐ, ഇറ്റ് ഫ്ലോസ്’ എന്നീ ഈ രണ്ടു സമാഹാരങ്ങളും ശാശ്വതമായ സ്നേഹത്തിന്റെയും ഭക്തിയുടെയും തരംഗങ്ങളാണ്. മനസ്സിൽ നിന്ന് തിരമാലകൾ പോലെ ഉയർന്നുവരുന്ന ഈ വരികൾ വായനക്കാരന്റെ ഹൃദയത്തെ തൊട്ടുണർത്തുകയും, അവരുടെ ആത്മാവിനെ തഴുകി കടന്നുപോവുകയും ചെയ്യുമ്പോൾ ഏതോ ഒരു അവിസ്മരണീയമായ സ്നേഹവും നന്മയും അവിടെ ജനി മൃദുവായി അനുഭവപ്പെടും. മനുഷ്യബന്ധങ്ങളെയും നമ്മുടെ ജീവിതത്തെയും കൂടുതൽ ആർദ്രവും മാനവികവുമാക്കാൻ ആ സ്നേഹത്തിന് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”

ബാങ്ക് ഓഫ് ബറോഡ മുംബൈ ഹെഡ് ഓഫീസിൽ സീനിയർ മാനേജരായ കെ.ആർ. മൃദുല കൊല്ലം തൃക്കടവൂർ സ്വദേശിയാണ്. പരേതരായ കാവടിവിള രവീന്ദ്രൻ (റിട്ട. സൂപ്രണ്ട്, എൻ.സി.സി, തേവള്ളി, കൊല്ലം), ഞാവറയ്ക്കൽ കമലാബായി (റിട്ട. പ്രഥമാധ്യാപിക, എൽ.പി.എസ്, കരിമ്പല്ലൂർ) എന്നിവരാണ് മാതാപിതാക്കൾ. ബാങ്ക് ഓഫ് ബറോഡയുടെ മുംബൈ ഹെഡ് ഓഫീസിൽ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ കെ.ആർ. അജയകുമാറാണ് ഭർത്താവ്. ഏക മകൾ കെ.എ. അഭിരാമി തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയാണ്.

You may also like