മീരാ റോഡ്: കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പെരുമയും വിളിച്ചോതി മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണമഹോത്സവം–2026 വർണ്ണാഭമായി. കനത്ത മഴയെയും ഗണേശോത്സവത്തിന്റെ തിരക്കുകളെയും അവഗണിച്ച് 1500-ലേറെ മലയാളികളാണ് ആഘോഷത്തിൽ കുടുംബസമേതം പങ്കെടുത്തത്. മലയാളികളുടെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അഭിമാനകരമായ പ്രതിഫലനമായി മാറിയ ഈ മഹോത്സവം മീരാ റോഡിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവം സമ്മാനിച്ചു.

പുലിക്കളിയും ആവേശം നിറച്ച ചെണ്ടമേളവും താലപ്പൊലിയും അകമ്പടിയാക്കി മഹാബലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. രാവിലെ 9.30 മുതൽ വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്ന പരിപാടിയിൽ മീരാ റോഡിലെ മലയാളി കലാകാരന്മാർ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളത്തിന്റെ കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്ന വേദിയായി മാറിയ ആഘോഷത്തിൽ സമാജത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ അതിഗംഭീര ഗാനമേള സദസ്സിന്റെ വലിയ പ്രശംസ പിടിച്ചുപറ്റി.

കേരളത്തിൽ നിന്നെത്തിയ വിദഗ്ധ പാചകസംഘം തനതായ കേരളീയ രുചിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. മീരാ റോഡ് മലയാളി സമാജം ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റികൾ, യുവജനങ്ങൾ, വനിതാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ ഓണമഹോത്സവത്തെ വിജയകരമാക്കിയത്.
