മുംബൈ : ഫ്ലവേഴ്സ് ടിവിയുടെ പ്രശസ്തമായ ‘ടോപ് സിംഗർ’ മ്യൂസിക് റിയാലിറ്റി ഷോയിലേക്ക് പൻവേലിൽ നിന്നുള്ള ഒൻപതുകാരൻ ലോക് നാഥ് തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ മലയാളി പൊതുവേദികളിൽ പാടി ശ്രദ്ധനേടിയ ഈ കുഞ്ഞു ഗായകൻ, തന്റെ സംഗീത യാത്രയിലെ അടുത്ത പ്രധാന ചുവടുവെപ്പിലേക്ക് കടക്കുകയാണ്.

ഇടുക്കി സ്വദേശിയും യെസ് ബാങ്ക് ഉദ്യോഗസ്ഥനുമായ ബിനേഷ് കുമാറിന്റെയും ദിവ്യയുടെയും മകനായ ലോക് നാഥ് നിലവിൽ പൻവേൽ കേന്ദ്ര വിദ്യാലയത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അഞ്ചാം വയസ്സിൽ തന്നെ സ്വയം പാട്ടുകൾ പാടാൻ ശ്രമിച്ചിരുന്ന ലോക് നാഥിന്റെ സംഗീതാഭിരുചി ചെറുപ്പത്തിലേ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. പൻവേൽ സമാജം അംഗം കൂടിയായ അച്ഛൻ ബിനേഷ്, അമ്മ ദിവ്യ, ജ്യേഷ്ഠൻ കേദാർനാഥ് ഉൾപ്പെടുന്ന കുടുംബത്തിന്റെ പിന്തുണയാണ് ലോക് നാഥിന്റെ സംഗീത യാത്രയ്ക്ക് കരുത്തേകുന്നത്.

മുംബൈയിലെ പ്രാദേശിക വേദികളിലൂടെയാണ് ലോക് നാഥ് തന്റെ കഴിവ് തെളിയിച്ചത്. എൻ.ബി.കെ.എസ് നെറൂൾ സംഘടിപ്പിച്ച പരിപാടികളിലും രാഗലയ, മലയാള ഭാഷ പ്രചാരണ സംഘം തുടങ്ങിയ സംഘടനകളുടെ വേദികളിലും സജീവമായി പാടിയിരുന്നു. ഈ ചെറിയ വേദികളിൽ നിന്നുള്ള പരിചയസമ്പത്താണ് ഇപ്പോൾ ‘ടോപ് സിംഗർ’ പോലൊരു വലിയ റിയാലിറ്റി ഷോയിലേക്ക് ഈ കൊച്ചു മിടുക്കനെ എത്തിച്ചിരിക്കുന്നത്.
