മുംബൈയിൽ വർണ്ണാഭമായ ഓണാഘോഷത്തിനൊരുങ്ങി കടത്തനാട് കുടുംബ കൂട്ടായ്മ

by WhatsUp Mumbai

മുംബൈ: കടത്തനാട് കുടുംബ കൂട്ടായ്മ (ട്രസ്റ്റ്) മുംബൈയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുടുംബസമേതം കെ.കെ.കെ 2026’ ഒക്ടോബർ 2 വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ 10 മണി മുതൽ ന്യൂ ബോംബെ കൾച്ചറൽ സെന്റർ കോപ്പർഖൈറണെയിലാണ് ആഘോഷ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

 

സാംസ്കാരിക ചടങ്ങിന്റെ ഉദ്ഘാടനം എൽമാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുധീഷ് സുകുമാരൻ നിർവ്വഹിക്കും. പ്രമുഖ സൈബർ വിദഗ്ധനും കേരള പോലീസിലെ നാദാപുരം എ.എസ്.ഐയുമായ രംഗീഷ് കടവത്ത് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

അറിവും ജാഗ്രതയും പകരുന്ന മുഖ്യാതിഥി

ലളിതമായ പ്രഭാഷണങ്ങളിലൂടെയും ബോധവൽക്കരണ വേദികളിലൂടെയും ആയിരക്കണക്കിന് ആളുകളെ സൈബർ സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കിയ പ്രമുഖ വ്യക്തിത്വമാണ് മുഖ്യാതിഥിയായ രംഗീഷ് കടവത്ത്. ഡിജിറ്റൽ യുഗത്തിലെ ചതിക്കുഴികളെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാമെന്നതിനെക്കുറിച്ചും ജനങ്ങളിൽ കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് സാധിച്ചിട്ടുണ്ട്. കേരള പോലീസിലെ സേവനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.

കാരുണ്യത്തിന്റെയും വേറിട്ട മാതൃകകളുടെയും കടത്തനാട് കൂട്ടായ്മ

മുംബൈയിലെ പ്രവാസി മലയാളി സംഘടനകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസ്ഥാനമാണ് കടത്തനാട് കുടുംബ കൂട്ടായ്മ. കേവലം സാംസ്കാരിക കൂട്ടായ്മ എന്നതിലുപരി അർഹരായവർക്ക് സഹായമെത്തിക്കുന്ന നിരവധിയായ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ സംഘടന നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ,

കേരളത്തിൽ നിന്നും കൊണ്ടുവന്ന മാവിൻ തൈകൾ  മുംബൈയിലെ മണ്ണിൽ നട്ടുപിടിപ്പിച്ച്, അത് പടർന്നുപന്തലിച്ച് സമൃദ്ധമായി മാമ്പഴം കായ്പ്പിച്ച അപൂർവ്വ നേട്ടം മുംബൈ മലയാളി ചരിത്രത്തിൽ കടത്തനാട് കൂട്ടായ്മയുടെ വേറിട്ട പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്. മാതൃനാടിന്റെ നന്മയും ഹരിതാഭയും പ്രവാസലോകത്തും വിളയിച്ചെടുക്കാമെന്ന് തെളിയിച്ച ഈ പ്രവർത്തനം സംഘടനയുടെ പരിസ്ഥിതി സ്നേഹത്തിന്റെയും നാട്ടുബന്ധത്തിന്റെയും ഉത്തമ മാതൃകയായി നിലകൊള്ളുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി സംഘടനയിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വിവിധയിനം കലാപ്രകടനങ്ങൾ, ഹാസ്യ പരിപാടികൾ, ഒപ്പന, തിരുവാതിര, വടംവലി മത്സരങ്ങൾ എന്നിവയും നാടൻ രുചിക്കൂട്ടുകളോടെയുള്ള ‘കടത്തനാടൻ ഓണസദ്യ’യും അരങ്ങേറും.

പരിപാടികൾക്ക് ട്രസ്റ്റ് പ്രസിഡന്റ് മാളവിക മനോജ്, ജനറൽ സെക്രട്ടറി പ്രകാശൻ പി.പി, ട്രഷറർ സഞ്ജീവ് എന്നിവർ നേതൃത്വം നൽകും.

You may also like