വേൾഡ് മലയാളി കൗൺസിൽ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു; 80 വിദ്യാർത്ഥികൾക്ക് ആശ്വാസം

by WhatsUp Mumbai

​മുംബൈ: വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈ പ്രൊവിൻസിന്റെ 2026-27 അക്കാദമിക് വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്ന നിർധനരായ എൺപതിലധികം വിദ്യാർത്ഥികളാണ് ധനസഹായം ഏറ്റുവാങ്ങിയത്.


കേരള സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഠിനധ്വാനത്തിലൂടെ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുത്തവരാണ് മുംബൈ മലയാളികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ ജോലികളിൽ നിന്ന് തുടങ്ങി ജീവിതവിജയം നേടിയ പ്രവാസികളുടെ അതിജീവനശേഷി മാതൃകാപരമാണ്. പ്രവിശ്യയുടെ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു.

സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭ എം.പിയുമായ ഹാരിസ് ബീരാൻ മുഖ്യാതിഥിയായിരുന്നു. WMC മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ.കെ. നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.കെ. നവാസ് സ്വാഗതം ആശംസിച്ചു.

ചടങ്ങിനോടനുബന്ധിച്ച് രാജു ആന്റണി, മഹേശ്വർ, അഭിനവ്, അനഘ, ആധിൻ എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടുകളും സിനിമാറ്റിക് ഗാനങ്ങളും കോർത്തിണക്കിയ സാംസ്‌കാരിക സന്ധ്യ വേദിക്ക് മാറ്റ് കൂട്ടി.


1995-ൽ ന്യൂജേഴ്‌സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിലിന്റെ മുംബൈ പ്രൊവിൻസ് 2009 മുതലാണ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ 18 വർഷമായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമാണ് സംഘടന. 350-ലേറെ നിർധനർക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായവും 2016-ൽ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയിലൂടെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പഠനസഹായവും നൽകാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

 

You may also like