മുംബൈ: കൈലാസ്-മാനസസരോവർ യാത്രയ്ക്കായി നേപ്പാളിലെത്തിയ താനെ സ്വദേശികളായ തീർഥാടകർ പ്രളയത്തിൽ പെട്ടതായി ആശങ്ക. രാസുവ മേഖലയിൽ ഭോട്ടെകോഷി നദിയിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇവർക്കായി താനെ ജില്ലാ ഭരണകൂടവും മഹാരാഷ്ട്ര ദുരന്തനിവാരണ വിഭാഗവും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്.
താനെ സ്വദേശികളായ രേഖ സതീഷ് പാട്ടൻകർ, സതീഷ് വിനായക് പാട്ടൻകർ എന്നിവരുമായി ചൈനീസ് ഇമിഗ്രേഷൻ പോയിന്റിൽ നിന്നാണ് അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത്. കൂടാതെ അപർണ സമീർ ജോഷി, സമീർ മുകുന്ദ് ജോഷി, സുനിൽ സുദർശൻ സുബേദാർ, കല്യാൺ സ്വദേശികളായ സഞ്ജയ് രാജ്മൽ പാട്ടീൽ, നളിനി സഞ്ജയ് പാട്ടീൽ, രജനിഷ് രഘുനാഥ് നാട്ടു, നവി മുംബൈ സ്വദേശി യശസ് ഭാണ്ഡ് എന്നിവരുമായും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
കുടുംബാംഗങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിവരങ്ങൾക്ക് താനെ ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്റെ ഹെൽപ്ലൈൻ നമ്പറുകളായ 1077, 9372338827, 022-2530174 എന്നിവയിൽ ബന്ധപ്പെടാമെന്നും കളക്ടർ ഓഫീസ് അറിയിച്ചു.