മുംബൈ: നവി മുംബൈ നെരൂളിലെ 12 ഹെക്ടർ വിസ്തൃതിയുള്ള ഡിപിഎസ് (DPS) തടാകത്തിന് ‘കൺസർവേഷൻ റിസർവ്’ പദവി നൽകുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നാറ്റ് കണക്ട് ഫൗണ്ടേഷൻ ഡയറക്ടർ ബി.എൻ. കുമാർ, പാം ബീച്ച് ഗ്രീൻസ് കൺവീനർ ശ്രീകാന്ത് പട്കി എന്നിവരുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം നൽകി. തടാകത്തിലേക്ക് കടലിൽ നിന്നുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സിഡ്കോ (CIDCO) തടസ്സപ്പെടുത്തിയതിനെത്തുടർന്ന് തടാകം വൻതോതിൽ പായൽ മൂടി നശിക്കുകയാണെന്നും ഇത് ഫ്ലെമിംഗോ പക്ഷികളുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
തടാകത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാൻ സംസ്ഥാന വന്യജീവി ബോർഡ് തീരുമാനിക്കുകയും 2025 ഒക്ടോബറിൽ വനംവകുപ്പ് ഇത് സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കുകയും ചെയ്തെങ്കിലും അന്തിമ ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായുള്ള സിഡ്കോയുടെ വാണിജ്യ താൽപ്പര്യങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. താനെ ക്രീക്ക് സങ്കേതത്തിന്റെ ഭാഗമായ ഈ തടാകം നശിച്ചാൽ പക്ഷികൾ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ജലാശയങ്ങളിലേക്ക് മാറും. ഇത് വിമാനങ്ങളുമായി പക്ഷികൾ കൂട്ടിയിടിക്കുന്ന വലിയ അപകടങ്ങൾക്ക് (Bird strike) കാരണമാകുമെന്ന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും (BNHS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോള ദേശാടനപ്പക്ഷി ദിനത്തിന് മുൻപായി തടാകത്തിലെ വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിച്ച് തടാകം സംരക്ഷിക്കണമെന്നാണ് ആവശ്യം.