മുംബൈ വിമാനത്താവളത്തിലെ 30% അന്താരാഷ്ട്ര സർവീസുകൾ ഒക്ടോബർ 1 മുതൽ നവി മുംബൈയിലേക്ക് മാറുന്നു

by WhatsUp Mumbai

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (CSMIA) വിമാന സർവീസുകളിൽ ഒക്ടോബർ 1 മുതൽ വൻ മാറ്റങ്ങൾ വരുന്നു. നിലവിൽ ടെർമിനൽ 2-ൽ നിന്ന് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ 30 ശതമാനത്തോളം പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (NMIA) മാറ്റാനാണ് തീരുമാനം. ടെർമിനൽ 1-ന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, വിമാനത്താവള ഓപ്പറേറ്റർമാരായ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (MIAL) ആണ് സർവീസുകൾ പുനഃക്രമീകരിക്കുന്നത്. 

ഇതിനു പുറമേ, ആഭ്യന്തര വിമാന സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകും. ടെർമിനൽ 1-ൽ നിന്നുള്ള ആഭ്യന്തര സർവീസുകളുടെ മൂന്നിലൊന്ന് ഒക്ടോബർ 23 മുതൽ ടെർമിനൽ 2-ലേക്ക് മാറ്റും. ആകശ എയർ ഇതിനകം തന്നെ തങ്ങളുടെ സർവീസുകൾ ടെർമിനൽ 2-ലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിദിനം ശരാശരി 950 സർവീസുകൾ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിലെ ടെർമിനൽ 1 ബി-യുടെ വടക്കൻ ഭാഗം പൊളിച്ചുമാറ്റി വികസിപ്പിക്കുന്നതിന്റെ നടപടികൾ 2027 ജനുവരിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ജൂലൈ 15-ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-207 (IX-207) അബുദാബി സർവീസോടെയാണ് നവി മുംബൈയിൽ അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കമായത്.

​ഈ പശ്ചാത്തലത്തിൽ ഒക്ടോബർ 1-ന് ശേഷം യാത്രാ പദ്ധതികളുള്ള യാത്രക്കാർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് വിമാനം പുറപ്പെടുന്ന വിമാനത്താവളവും ടെർമിനലും ഏതെന്നു കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും അയക്കുന്ന എസ്.എം.എസ് (SMS), ഇമെയിൽ സന്ദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണം. ഇരു വിമാനത്താവളങ്ങളും വ്യത്യസ്ത സ്ഥലങ്ങളിലായതിനാൽ, വിമാനത്താവളം മാറി എത്തിയാൽ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ആവശ്യത്തിന് സമയം കരുതി വേണം യാത്ര തിരിക്കാനെന്നും അധികൃതർ വ്യക്തമാക്കുന്നു.

You may also like