മുംബൈ :നേപ്പാളിലെ കനത്ത പ്രളയത്തിൽ കുടുങ്ങിയ മഹാരാഷ്ട്ര സ്വദേശികളിൽ 404 പേർ സുരക്ഷിതരാണെന്നും 338 പേരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ബസ് ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ ഏകോപിപ്പിച്ചു വരുന്നു.
നേപ്പാളിലെ സാഗയിൽ നിന്ന് 41 പേരും ചിത്‌വാനിൽ നിന്നുള്ള 45 വിനോദസഞ്ചാരികളും അതിർത്തി കടന്ന് ഇന്ത്യയിലെത്തി. നാഗ്പൂരിൽ നിന്നുള്ള 106 പേർ ബിഹാർ വഴി ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തും. 143 പേർ നിലവിൽ യാത്രയിലാണ്.
അന്ധേരി സ്വദേശി ലക്ഷ്മിനാരായൺ ആചാര്യ ഉൾപ്പെടെ ബോറിവിലി , അന്ധേരി ഭാഗങ്ങളിൽ നിന്നുള്ള 8 പേരെ കണ്ടെത്താൻ നെറ്റ്‌വർക്ക് തടസ്സം കാരണം ശ്രമങ്ങൾ തുടരുകയാണ്; ഇവരുടെ ബന്ധുക്കളുമായി അധികൃതർ ബന്ധപ്പെടുന്നുണ്ട്. മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഹെൽപ്പ് ലൈനുകളും സജ്ജമാക്കിയിട്ടുണ്ട്.