മുംബൈ: ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഇന്ന് (ഓഗസ്റ്റ് 30) സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ വിപുലമായ പരിപാടികളോടെ നടക്കും.
രാവിലെ 8.30ന് ഗുരുപൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
തുടർന്ന് ശ്രീനാരായണ ഗുരു ഹാളിൽ സമൂഹപ്രാർത്ഥന നടക്കും. 10ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും.
മഹാരാഷ്ട്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ADGP) അശ്വതി ദോർജി, ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും.
ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ സ്വാമി ഋതംബരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പൊതുസമ്മേളനത്തിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും.
സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നായി ആയിരക്കണക്കിന് അംഗങ്ങൾ സകൂടുംബം ജയന്തി ആഘോഷത്തിൽ പങ്കെടുക്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ. ഉച്ചയ്ക്ക് 2 മുതൽ സമിതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാപ്രതിഭകളുടെ കലാവിരുന്ന്.
ഗുരുജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാമത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്കുള്ള സമ്മാനദാനത്തോടെ ആഘോഷ പരിപാടികൾക്ക് സമാപനമാകും എന്ന് സമിതി ചെയർമാൻ എൻ. മോഹൻദാസ് ,ജനറൽ സെക്രട്ടറി ഒ.കെ പ്രസാദ് എന്നിവർ അറിയിച്ചു.