ഐഐടി പ്രവേശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: എഞ്ചിനീയറിംഗ് ബിരുദധാരി അടക്കം 6 പേർ പിടിയിൽ

by WhatsUp Mumbai

മുംബൈ: പഠിച്ച് ഐഐടിയിൽ കയറണമെന്ന മോഹം സാധിക്കാതെ പോയതോടെ, അതേ മോഹം പേറുന്ന മറ്റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കിയ 35-കാരനായ സിവിൽ എഞ്ചിനീയർ പൊലീസിന്റെ പിടിയിലായി. ബിഹാർ പട്ന ജില്ലയിലെ പനേതാലവ് സ്വദേശിയായ യുവരാജ് കുമാർ ശർമ്മ എന്ന സോനു കുമാറാണ് പുനെ കേന്ദ്രീകരിച്ച് വൻ അഡ്മിഷൻ തട്ടിപ്പ് റാക്കറ്റ് നടത്തി മുംബൈ പൊലീസിന്റെ വലയിലായത്. 1.35 കോടി രൂപയുടെ ബിഎംഡബ്ല്യു, ജാഗ്വാർ കാറുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മറ്റ് എഞ്ചിനീയറിംഗ് ബിരുദധാരികളും വിദ്യാർത്ഥികളുമായ അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.
പൊവായ് സ്വദേശിയായ ഗ്രേസി പീറ്റർ സ്വാമി (47) എന്ന വീട്ടമ്മയുടെ പരാതിയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ‘techorbit1111’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ മകന് പ്രവേശനം വാഗ്ദാനം ചെയ്ത് 16.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. തുടർന്ന് മുംബൈ പൊലീസ് നടത്തിയ സാങ്കേതിക അന്വേഷണത്തിലാണ് പുനെയിലെ വിമാൻ നഗർ, ലോഹെഗാവ്, ഖരാഡിയിലുള്ള സിറ്റി വിസ്റ്റ ബിൽഡിംഗ് എന്നിവിടങ്ങളിലെ വ്യാജ കോൾ സെന്ററുകൾ കണ്ടെത്തി ഓഗസ്റ്റ് 16-ന് ഇവരെ വലയിലാക്കിയത്.

ഒരുകാലത്ത് ഐഐടി പ്രവേശന പരീക്ഷ എഴുതാൻ കോട്ടയിൽ പരിശീലനത്തിന് പോയ യുവരാജ് കുമാർ ശർമ്മയ്ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. തുടർന്ന് 2012-ൽ പുനെയിലെ എംഐടി അക്കാദമിയിൽ ചേരുകയും 2016-ൽ സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കുകയും ചെയ്തു. ജോലി ലഭിക്കാതെ വന്നതോടെ കോച്ചിംഗ് സെന്ററും അഡ്മിഷൻ കൺസൾട്ടൻസിയും തുടങ്ങി. മാനേജ്‌മെന്റ്, എൻആർഐ ക്വാട്ടകളിൽ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം വാഗ്ദാനം ചെയ്തായിരുന്നു പ്രധാന തട്ടിപ്പ്. വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി ഇരകളെ കണ്ടെത്തുകയും കോളേജ് അധികൃതരെന്ന് ചമഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി.

യുവരാജിന് പുറമെ ലഖ്‌നൗ സ്വദേശി ദേവേന്ദ്ര സിംഗ് (27), ഉത്തർപ്രദേശ് സ്വദേശി സൗരഭ് സിംഗ് (26), ജംഷഡ്പൂർ സ്വദേശി ദിപേന്ദ്ര പ്രജാപതി (28), നോയിഡ സ്വദേശി ശുഭം ശർമ്മ (24), മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ സൗരഭ് രവീന്ദ്ര കുമാർ (21) എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. ഡൽഹി, പൂനെ, ബെംഗളൂരു തുടങ്ങി വിവിധ സ്ഥലങ്ങളിലെ കോളേജ് പ്രവേശനത്തിന്റെ പേരിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കേസിൽ പ്രതികളെല്ലാവരും നിലവിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

You may also like