മുംബൈ: മുംബ്രയിൽ പകൽ വെളിച്ചത്തിൽ ഇന്നലെ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.
വ്യാഴാഴ്ച രാവിലെ ഏകദേശം 11.30ഓടെ മുബ്ര ബൈപാസ് റോഡിനോട് ചേർന്ന കൈലാസ് നഗർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 51-കാരനായ ജയൻ ശിവാനന്ദൻ നായരെയാണ് പൊലീസ് പിടികൂടിയത്.
കുറച്ച് നാളുകളായി തുടരുന്ന തർക്കമാണ് ഒടുവിൽ രൂക്ഷമായ സംഘർഷത്തിലേക്ക് വഴിമാറിയത്. വാക്കുതർക്കം കത്തിപ്പിടിച്ചതോടെ പ്രതി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റത് അക്ബർ അബ്ദുൽ ഷെയ്ഖ് (29), അബ്ദുൽ ഹസൻ ഷെയ്ഖ് (45), സമീർ അഹമ്മദ് ഷെയ്ഖ് (32) എന്നിവർക്കാണ്.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ അക്ബർ അബ്ദുൽ ഷെയ്ഖ് മരിച്ചു. മറ്റ് രണ്ടുപേരും ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നും വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, പ്രതിയായ ശിവാനന്ദൻ നായർക്ക് മലയാളി സമൂഹവുമായി അടുത്ത ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം. ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പം കൊൽക്കത്തയിൽ കഴിഞ്ഞിരുന്ന ശിവാനന്ദൻ പിന്നീട് മുംബൈയിലേക്ക് കുടിയേറിയതായും വിവരമുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും സീനിയർ ഇൻസ്പെക്ടർ അനിൽ ഷിൻഡെ ‘വാട്ട്സ്അപ്പ് മുംബൈ’യോട് വ്യക്തമാക്കി.
സംഭവം പ്രദേശവാസികളിൽ വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.