“ന്യൂനപക്ഷ വോട്ട് തിരിഞ്ഞു;കേരളത്തിൽ യുഡിഎഫിന് വമ്പൻ ജയം പ്രവചിച്ച് റാഷിദ് സി.പി”

by WhatsUp Mumbai

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് രാഷ്ട്രീയ നിരീക്ഷകൻ റാഷിദ് സി.പി. മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ പ്രവചനങ്ങളിലൂടെ ശ്രദ്ധ നേടിയ ഇദ്ദേഹം, യുഡിഎഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്ന് വിലയിരുത്തി. എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ചുരുങ്ങുമെന്നും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

2001ന് ശേഷം ഇടതുപക്ഷത്തേക്ക് ചേർന്നിരുന്ന ന്യൂനപക്ഷ വോട്ടിൽ ഇത്തവണ പൂർണമായ തിരിച്ചുപോക്ക് ഉണ്ടായതായി റാഷിദ് സി.പി ചൂണ്ടിക്കാട്ടുന്നു. സ്വജനപക്ഷ പ്രവണത ശക്തമായതും രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരതയും ഇടത് അനുകൂല വോട്ടർമാരിൽ നിരാശ വർധിപ്പിച്ചതായും അദ്ദേഹം വിലയിരുത്തി.

മുഖ്യമന്ത്രിയുടെ വ്യക്തിഗത ജനപ്രീതിയിൽ ശ്രദ്ധേയമായ ഇടിവ് സംഭവിച്ചുവെന്നും അതും ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നും റാഷിദ് സി.പി അഭിപ്രായപ്പെട്ടു. ഇടത് അടിസ്ഥാന വോട്ടർമാരിലും അനുഭാവികളിലും ഉണ്ടായ നിരാശ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന രാഷ്ട്രീയ പ്രവണത കൃത്യമായി പ്രവചിച്ച വ്യക്തിയാണ് റാഷിദ് സി.പി. പുറത്ത് വരുന്ന സർവേകളിൽ വിശ്വാസമില്ലെന്നും പോളിങ് കഴിഞ്ഞ ശേഷം മാത്രമേ സംഖ്യകൾ പുറത്തുവിടാറുള്ളുവെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം രാഷ്ട്രീയ നിലപാടുകൾ പ്രവചനങ്ങളിൽ കലർത്തില്ലെന്നും സത്യസന്ധത പാലിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

മുൻപ് നടത്തിയ ഭൂരിഭാഗം പ്രവചനങ്ങളും ശരിയായതുപോലെ ഇത്തവണത്തേതും ശരിയാകുമെന്ന് വിശ്വാസം പ്രകടിപ്പിച്ചാണ് യുഡിഎഫിന് വമ്പൻ വിജയം ഉണ്ടാകുമെന്ന് റാഷിദ് സി.പി വിലയിരുത്തിയത്.

You may also like