മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണായക മുന്നേറ്റം. അഹമ്മദാബാദിലെ മണിനഗർ റെയിൽവേ സ്റ്റേഷനു സമീപം അതിവിശാലമായ പോർട്ടൽ ബീമുകളുടെ സ്ഥാപനം വിജയകരമായി പൂർത്തിയാക്കി. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷനും വെസ്റ്റേൺ റെയിൽവേയും ചേർന്നാണ് അതിസങ്കീർണമായ നിർമാണപ്രവർത്തനം നടപ്പാക്കിയത്.
34 മീറ്റർ നീളവും ഏകദേശം 1,360 മെട്രിക് ടൺ ഭാരവുമുള്ള കോൺക്രീറ്റ് ബീമാണ് റെയിൽപാതയ്ക്കു മുകളിലൂടെ സ്ഥാപിച്ചത്. ഇന്ത്യൻ റെയിൽവേയുടെ സജീവ പാതയ്ക്കു മുകളിൽ സ്ഥാപിച്ച ഏറ്റവും ഭാരമേറിയ നിർമാണ ഘടകങ്ങളിലൊന്നായി ഇതിനെ വിലയിരുത്തുന്നു. മണിനഗർ മേഖലയിൽ ഇത്തരത്തിലുള്ള അഞ്ച് ഭീമൻ ബീമുകൾ സ്ഥാപിക്കാനാണ് പദ്ധതി.
ഓവർഹെഡ് വൈദ്യുതി ലൈനുകളും തിരക്കേറിയ റെയിൽഗതാഗതവും നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു നിർമാണം. നിലത്തുനിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിൽ നടത്തിയ പ്രവർത്തനം വെറും മൂന്നര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയത് എഞ്ചിനീയറിങ് രംഗത്തെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്.
സാധാരണയായി ഇത്തരത്തിലുള്ള നിർമാണങ്ങൾക്ക് മണിക്കൂറുകളോളം റെയിൽഗതാഗത നിയന്ത്രണവും ദീർഘനേരം സുരക്ഷാ ക്രമീകരണങ്ങളും ആവശ്യമായി വരാറുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനായതും ശ്രദ്ധേയമായി.
508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിൽ 12 സ്റ്റേഷനുകളാണ് നിർമിക്കുന്നത്. രാജ്യത്തെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയായ ഇതിന്റെ ഭാഗിക സർവീസ് 2027ൽ ആരംഭിക്കുമെന്നും പൂർണ പദ്ധതി 2028ഓടെ യാഥാർഥ്യമാകുമെന്നുമാണ് പ്രതീക്ഷ.