മുംബൈയിൽ സീസണിലെ ആദ്യ ഉഷ്ണതരംഗ മുന്നറിയിപ്പ്; മുംബൈയിലും റായ്‌ഗഡിലും യെല്ലോ അലർട്ട്

by WhatsUp Mumbai

​മുംബൈ : കാലവർഷത്തിനു ശേഷം മുംബൈ നഗരത്തെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഒക്ടോബർ 9 വെള്ളിയാഴ്ച മുംബൈയിലെയും റായ്‌ഗഡിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷത്തിനു ശേഷം ഈ സീസണിൽ നഗരത്തിൽ രേഖപ്പെടുത്തുന്ന ആദ്യ ഉഷ്ണതരംഗ മുന്നറിയിപ്പാണിത്. വരും ദിവസങ്ങളിൽ സാധാരണ നിലയേക്കാൾ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്.

താനെ, പാൽഘർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. വ്യാഴാഴ്ച മുംബൈ, റായ്‌ഗഡ്, രത്നഗിരി എന്നിവിടങ്ങളിലും ചൂടും അസഹനീയമായ ഈർപ്പവും അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ താപനില ഉയർന്ന നിലയിൽ തുടരുമെങ്കിലും ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം, തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിൻവാങ്ങൽ പ്രക്രിയ തുടരുകയാണ്. സുപോൾ, റാഞ്ചി, റായ്‌പൂർ, ബ്രഹ്മപുരി, പർഭാനി, ബാരാമതി, ഹർണൈ എന്നീ പ്രദേശങ്ങളിലൂടെയാണ് നിലവിൽ കാലവർഷ പിൻവാങ്ങൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൊങ്കൺ-ഗോവ, മധ്യ മഹാരാഷ്ട്ര, മറാഠ്‌വാഡ, ഗുജറാത്ത് മേഖലകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ സാന്നിധ്യം ദുർബലമാണ്.
​ചൂടിനൊപ്പം മുംബൈയിലെ വായുനിലവാരവും മോശമായിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 162 ആയി രേഖപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയതിനേക്കാൾ വായുനിലവാരത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 

You may also like