പണം വാഗ്ദാനം ചെയ്ത് അണ്ഡാണു ശേഖരണം; ബദ്ലാപൂരിലെ റാക്കറ്റിൽ ഡെന്റിസ്റ്റ് പിടിയിൽ, 500-ലധികം സ്ത്രീകൾ ഇരകളായിരിക്കാമെന്ന് പൊലീസ്

by

മുംബൈ: താനെ ജില്ലയിലെ ബദ്ലാപൂരിൽ പുറത്തുവന്ന അണ്ഡാണു കടത്ത് കേസിൽ നാഷിക് സ്വദേശിയായ ഡെന്റിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോ. അമോൾ പട്ടീൽ എന്ന ഡോക്ടറെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രധാന പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

നാഷിക്കിലെ ഒരു ഐവിഎഫ് കേന്ദ്രവുമായി ബന്ധപ്പെട്ടയാളാണ് അമോൾ പാട്ടീൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് അണ്ഡാണു ശേഖരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഓരോ തവണയും 25,000 മുതൽ 30,000 രൂപ വരെ നൽകാമെന്ന് പറഞ്ഞാണ് സ്ത്രീകളെ പ്രലോഭിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വ്യാജ ആധാർ കാർഡുകളും സത്യവാങ്മൂലങ്ങളും ഉപയോഗിച്ച് ഒരേ സ്ത്രീകളെ പല പേരുകളിൽ വീണ്ടും വീണ്ടും ദാതാക്കളായി രജിസ്റ്റർ ചെയ്തതായും കണ്ടെത്തി. ബദ്ലാപൂർ, ഉല്ലാസ്നഗർ, അംബർനാഥ്, താനെ, നാഷിക് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ മരുന്നുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു.

ഇതിനോടകം 500-ലധികം സ്ത്രീകൾ ഈ റാക്കറ്റിലൂടെ ചൂഷണത്തിനിരയായിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ ബന്ധങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like