മുംബൈ:രാഷ്ട്രപുരോഗതിയും സമുദായ ശാക്തീകരണവും ലക്ഷ്യമിട്ട് കത്തോലിക്കാ കോൺഗ്രസ് ദേശീയ മഹാസമ്മേളനത്തിന് മുംബൈയിൽ തുടക്കമായി. സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വലിയ ജനപങ്കാളിത്തവും ആവേശകരമായ സദസ്സും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ സമുദായത്തിന്റെ ഭാവിവഴികളെക്കുറിച്ചും രാഷ്ട്രവികസനത്തിൽ സഭയുടെ പങ്കിനെക്കുറിച്ചും ആഴത്തിലുള്ള ചർച്ചകളും പ്രസന്റേഷനുകളും നടന്നു. പുതുതലമുറയുടെ വിദേശ കുടിയേറ്റം, വിവാദമായ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ, ന്യൂനപക്ഷ അവകാശ സംരക്ഷണം തുടങ്ങിയ പ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി.
”കത്തോലിക്കാ സമൂഹം ന്യൂനപക്ഷമാണ്. എന്നാൽ ജനസംഖ്യ കുറയുന്നതിനാലും പുതുതലമുറ വിദേശത്തേക്കു കുടിയേറുന്നതിനാലും നാം മൈക്രോ ന്യൂനപക്ഷമായി മാറുകയാണ്,” എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ ചൂണ്ടിക്കാട്ടി. ‘പള്ളിയുണ്ടെങ്കിൽ പള്ളിക്കൂടമുണ്ടാകണം’ എന്ന് ആഹ്വാനം ചെയ്ത സിറോ മലബാർ സഭ, വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളിൽ ഭാരതത്തിനു നൽകിയ സംഭാവനകൾ അതുല്യമാണെന്നും എന്നാൽ സിവിൽ സർവീസ്, ജുഡീഷ്യറി, സർക്കാർ ഉദ്യോഗം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ സഭാംഗങ്ങൾ കുറയുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതു നാട്ടിലാണെങ്കിലും ജീവിതരീതിയിലും ആചാരങ്ങളിലും സഭയുടെ പൈതൃകം നിലനിർത്താൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘സമുദായ ശാക്തീകരണം രാജ്യപുരോഗതിക്ക്’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം പുരോഗമിക്കുന്നത്. കേരളത്തിന് പുറത്തുള്ള കത്തോലിക്കാ സമൂഹത്തിന്റെ ശാക്തീകരണവും യുവജന പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയിൽ വളരെ ചിട്ടയായ പരിപാടികളാണ് ഒന്നാം ദിനം സംഘടിപ്പിച്ചത്.
മുംബൈ ആസ്ഥാനമായ കല്യാൺ രൂപത ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സിറോ മലബാർ രൂപതകളിൽ നിന്നായി 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കല്യാൺ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ആഗ്ര ആർച്ച്ബിഷപ് മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ട്രഷറർ ടോണി പൂഞ്ചംകുന്നേൽ, മോൺ. സിറിയക് കുമ്പാട്ട്, ബിജു പറയനിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, സജി വർക്കി, ബെന്നി ആന്റണി, ഷെവലിയർ ഡോ. കെ. എം. ഫ്രാൻസിസ്, രാജീവ് തോമസ്, ജോർജ് കള്ളിവയലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മഹാസമ്മേളനം ഇന്ന് (ആഗസ്റ്റ് 2) സമാപിക്കും.