താനെ: അറിവിന്റെയും ആദ്യാക്ഷരത്തിന്റെയും ലോകത്തേക്ക് പിഞ്ചുകുരുന്നുകൾ പിച്ചവെച്ച സുദിനത്തിൽ വർത്തക് നഗർ അയ്യപ്പക്ഷേത്രം ഭക്തിസാന്ദ്രമായി. വിദ്യാരംഭ നാളിൽ പുലർച്ചെ മുതൽ തന്നെ അദ്ഭുതകരമായ ജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

കേരളീയ ശൈലിയിലുള്ള മനോഹരമായ നിർമ്മാണം കൊണ്ട് ഏറെ ശ്രദ്ധേയമായതാണ് താനെ വർത്തക് നഗർ അയ്യപ്പക്ഷേത്രം.

ക്ഷേത്രം മേൽശാന്തി വടക്കേടം ഗിരീശൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. സ്വർണ്ണ മോതിരം കൊണ്ട് കുഞ്ഞുങ്ങളുടെ നാവിൽ ‘ഹരിശ്രീ’ കുറിച്ചും, അരിയിൽ വിരൽതുമ്പ് പിടിച്ച് അക്ഷരങ്ങൾ എഴുതിച്ചുമാണ് അറിവിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകിയത്.
വിദ്യാരംഭത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു.

പ്രവാസലോകത്തെ കൊച്ചുകൂട്ടുകാർക്ക് അക്ഷരവെളിച്ചമേകാൻ എത്തിയ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ക്ഷേത്രാങ്കണം പ്രൗഢഗംഭീരമായിരുന്നു.