മുംബൈ: സമുദായ ശാക്തീകരണം രാഷ്ട്രപുരോഗതിക്ക് എന്ന പ്രമേയത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിലും കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിലും സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈയിൽ തിരിതെളിയും. ആഗസ്റ്റ് 1, 2 തീയതികളിൽ മുംബൈ എ.ആർ.സിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ഈ ചരിത്രപ്രധാനമായ സംഗമം നടക്കുന്നത്. വാഷിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലാണ് സമ്മേളന വിവരങ്ങൾ വ്യക്തമാക്കിയത്. ദേശീയതലത്തിൽ സഭയ്ക്കും സമുദായത്തിനും പുതിയ ദിശാബോധവും വ്യക്തമായ കാഴ്ചപ്പാടും പകർന്നുനൽകുന്ന പ്രധാന തീരുമാനങ്ങൾക്ക് ഈ സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഉദ്ഘാടനവും പ്രമുഖരുടെ സാന്നിധ്യവും
നാളെ രാവിലെ 9 മണിക്ക് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. 9.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ച് ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച്ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ തോമസ് തറയിൽ തുടങ്ങിയവർ വിവിധ സെമിനാറുകളിൽ സംബന്ധിക്കും. ഡീൻ കുര്യാക്കോസ് എം.പി, കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം ഗ്ലെൻ ഇ സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ. ഡോ. വർഗ്ഗീസ് വള്ളിക്കാട്ട്, ജോർജ്ജ് കള്ളിവയലിൽ, അഡ്വ. ബിജു പറയനിലം, ഡോൾഫി ഡിസൂസ തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

പ്രധാന ചർച്ചാവിഷയങ്ങളും സംവാദങ്ങളും
108 വർഷത്തെ ജനസേവന പാരമ്പര്യമുള്ള കത്തോലിക്ക കോൺഗ്രസ്, ഭാരതത്തിലെ മുഴുവൻ സീറോ മലബാർ രൂപതകളിൽ നിന്നുമുള്ള സഭാ-സമുദായ നേതാക്കളെയും ജനപ്രതിനിധികളെയും അണിനിരത്തിയാണ് ഈ മഹാസമ്മേളനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സമൂഹം നേരിടുന്ന അതിക്രമങ്ങളും സുരക്ഷാ ആശങ്കകളും ഗൗരവമായി ഉന്നയിക്കുന്ന സമ്മേളനം, ഇത്തരം വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ ആരായുന്നതാണ്. കൂടാതെ ന്യൂനപക്ഷ അവകാശ സംരക്ഷണം, സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ സമുദായം നേരിടുന്ന പിന്നോക്കാവസ്ഥ, പ്രവാസി പ്രതിസന്ധികൾ, രാജ്യപുരോഗതിയിൽ ക്രൈസ്തവ സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയ നിർണായക വിഷയങ്ങളിലും ഊന്നിയുള്ള ചർച്ചകൾ നടക്കും. സഭാ നേതാക്കളും രാഷ്ട്രീയ-ഭരണ രംഗത്തെ പ്രമുഖരും തമ്മിലുള്ള തുറന്ന സംവാദവും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസൂട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഗ്ലോബൽ സെക്രട്ടറി രാജീവ് തോമസ്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജോയ് പാരക്കാട്ടിൽ, ജോസ് മാത്യു, കല്യാൺ രൂപത കെ.എൽ.എം. പ്രസിഡന്റ് സജി വർക്കി, പിതൃവേദി സെക്രട്ടറി സുരേഷ് തോമസ്, ട്രഷറർ ഷിബു ജോസഫ്, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, മോൺ. സിറിയക് കുമ്പാട്ട്, അഡ്വ. ടോണി പുന്നക്കുന്നേൽ, പ്രൊഫ. കെ.എം. ഫ്രാൻസീസ്, പ്രൊഫ. സാംസൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നത്.
ആഗോളതലത്തിലുള്ള വേരോട്ടവും കരുത്തും
1918-ൽ പ്രവർത്തനം ആരംഭിച്ച കത്തോലിക്ക കോൺഗ്രസ് ഇന്ന് ആറ് വൻകരകളിലായി 80-ലധികം രാജ്യങ്ങളിൽ വ്യാപിച്ച് കഴിഞ്ഞു. കേരളത്തിലെ 2000-ഓളം ഇടവകകളിലും 30 സീറോ മലബാർ രൂപതകളിലും സജീവ സാന്നിധ്യമായ ഈ സംഘടന, കുടിയേറ്റ സമൂഹങ്ങൾക്ക് വലിയ താങ്ങും തണലുമാണ്. അമേരിക്ക, യൂറോപ്പ്, ഗൾഫ് മേഖലകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലും ഇന്ത്യയിലെ 35 രൂപതകളിലും മിഷൻ കേന്ദ്രങ്ങളിലും സംഘടന പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ദുബായിൽ വെച്ച് വിജയകരമായി പൂർത്തിയാക്കിയ ആഗോള സംഗമം (Global Meet) സംഘടനയുടെ വളർച്ചയിലെ പ്രധാന നാഴികക്കല്ലായിരുന്നു.

കർഷക സമൂഹത്തിന്റെ ഉന്നമനം
”പാവപ്പെട്ടവർക്കായി ഒരു പാവപ്പെട്ട സഭ” എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെ ഉൾക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്. അംഗങ്ങളിൽ 85 ശതമാനവും കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ളവരായതിനാൽ, കർഷകരുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കായി നിരവധി സ്വയംപര്യാപ്ത പദ്ധതികൾ നടപ്പിലാക്കി വരുന്നു.
സഭയുടെയും അൽമായരുടെയും ഔദ്യോഗിക ശബ്ദം
അൻപത് ലക്ഷത്തിലധികം വരുന്ന സീറോ മലബാർ വിശ്വാസികളുടെ ഔദ്യോഗിക ശബ്ദമായി സിനഡ് അംഗീകരിച്ചിട്ടുള്ള പ്രമുഖ അൽമായ സംഘടനയാണ് കത്തോലിക്ക കോൺഗ്രസ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഈ പ്രസ്ഥാനം, സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലുമുള്ള ആഗോള പുരോഗതിക്കൊപ്പം സമുദായത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമത്തിലാണ്.
പ്രഖ്യാപിത ലക്ഷ്യങ്ങളും ദൗത്യവും
കക്ഷിരാഷ്ട്രീയത്തിന് അതീതമായി, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആശയങ്ങൾ ഉൾക്കൊണ്ട് സഭയുടെ സുവിശേഷ ദൗത്യത്തിൽ പങ്കാളികളാവുക എന്നതാണ് സംഘടനയുടെ മുഖ്യ കാഴ്ചപ്പാട്. സീറോ മലബാർ സഭയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സമുദായത്തിന്റെ സമഗ്ര പുരോഗതിയും ലക്ഷ്യമിടുന്നു. പതിനെട്ടു വയസ്സ് തികഞ്ഞ എല്ലാ വിശ്വാസികളെയും സംഘടനയുടെ ഭാഗമാക്കാനും, ലോകമെമ്പാടുമുള്ള സമുദായാംഗങ്ങളെ ഏകോപിപ്പിക്കാനുമുള്ള വേദിയാണ് കത്തോലിക്ക കോൺഗ്രസ് ഒരുക്കുന്നത്. ആത്മീയ അടിത്തറയോടെ സമൂഹ നന്മ ഉറപ്പാക്കി എല്ലാ കുടുംബങ്ങളെയും സാമൂഹിക-സാമ്പത്തിക ഉയരങ്ങളിൽ എത്തിക്കുക എന്നതാണ് സംഘടനയുടെ പരമപ്രധാന ലക്ഷ്യം.