മരണക്കെണിയായി ബ്രിട്ടീഷ് കാലത്തെ ഡാം! നവി മുംബൈയിൽ വീണ്ടും അജ്ഞാത മൃതദേഹം; നടുക്കം മാറാതെ നാട്ടുകാർ

by admin

നവി മുംബൈ: ദിഘയിലെ ബ്രിട്ടീഷ് കാലത്തു നിർമിച്ച അണക്കെട്ടിൽ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിൽ. ഐരോളി റെയിൽവേ സ്റ്റേഷന് സമീപം കുന്നിൻചെരിവിലുള്ള ഈ ഡാമിൽ ഏതാനും ദിവസങ്ങൾക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദാരുണ സംഭവമാണിത്. തുടർച്ചയായുണ്ടാകുന്ന മരണങ്ങൾ ഡാമിന്റെ സുരക്ഷാ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുമ്പോൾ, അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്.

അപകടത്തിൽപ്പെട്ടത് ആരെന്നോ മരണകാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റബാളെ എംഐഡിസി പോലീസും ഫയർഫോഴ്‌സും ചേർന്നാണ് മൃതദേഹം കരയ്‌ക്കെടുത്തത്. തുടർനടപടികൾക്കായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. കഴിഞ്ഞയാഴ്ച ഇതേ ഡാമിൽ കുളിക്കാനിറങ്ങിയ 17 വയസ്സുകാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചിരുന്നു. ഈ നടുക്കം മാറും മുൻപേയാണ് അടുത്ത മൃതദേഹം കൂടി ഡാമിൽ നിന്നും പൊങ്ങുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ഈ അണക്കെട്ട് നിലവിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ്. വേനൽച്ചൂടിൽ നിന്നും ആശ്വാസം തേടിയും വിനോദ സഞ്ചാരത്തിനായും നിരവധി യുവാക്കളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. എന്നാൽ, ഡാമിന് ചുറ്റും യാതൊരുവിധ സുരക്ഷാവേലികളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അപകടങ്ങൾ പതിയിരിക്കുന്ന ഈ ജലാശയത്തിന് കാവൽക്കാരെ നിയോഗിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തുടർച്ചയായുണ്ടാകുന്ന മരണങ്ങളിൽ വലിയ ജനരോഷമാണ് ഉയരുന്നത്. അപകട മേഖലകളിൽ അടിയന്തരമായി കമ്പിവേലി നിർമിക്കണമെന്നും, അനധികൃതമായി ആളുകൾ ഡാമിലേക്ക് പ്രവേശിക്കുന്നത് തടയാൻ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും റെയിൽവേ അധികൃതർ മൗനം പാലിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ കുറ്റപ്പെടുത്തി. ഇനിയും വിലപ്പെട്ട മനുഷ്യജീവനുകൾ ഇവിടെ പൊലിയാതിരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ഒരേയൊരു ആവശ്യം.

You may also like