നഗരത്തിൽ രക്തബാങ്കുകൾ ശൂന്യമാകുന്നു; ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ;മുംബൈ നേരിടുന്നത് സമാനതകളില്ലാത്ത രക്തക്ഷാമം

by admin

മുംബൈ: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന മുംബൈ മഹാനഗരത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി രൂക്ഷമായ രക്തക്ഷാമം. നഗരത്തിലെ പ്രമുഖ പൊതു-സ്വകാര്യ ആശുപത്രികളിലെയും രക്തബാങ്കുകളിലെയും ശേഖരം അപകടകരമായ രീതിയിൽ കുറഞ്ഞു. ഇതോടെ അടിയന്തര ശസ്ത്രക്രിയകളും തലസീമിയ, കാൻസർ രോഗികളുടെ പതിവ് ചികിത്സകളും ഉൾപ്പെടെയുള്ള ജീവൻരക്ഷാ നടപടികൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

വേനലവധിക്കാലമായതോടെ ഭൂരിഭാഗം ജനങ്ങളും ജന്മനാടുകളിലേക്ക് മടങ്ങിയതും ഐടി പാർക്കുകളിലും കോളേജുകളിലും നടക്കാറുള്ള പതിവ് രക്തദാന ക്യാമ്പുകൾ കുറഞ്ഞതുമാണ് ഈ കടുത്ത പ്രതിസന്ധിക്ക് കാരണം. കഠിനമായ ചൂട് കാരണം ആളുകൾ പുറത്തിറങ്ങാനും രക്തം നൽകാനും മടിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. ഒ നെഗറ്റീവ് (O-ve), എ നെഗറ്റീവ് (A-ve), ബി നെഗറ്റീവ് (B-ve) തുടങ്ങിയ അപൂർവ്വ രക്തഗ്രൂപ്പുകൾക്ക് പുറമെ സാധാരണ രക്തഗ്രൂപ്പുകൾക്കും ഇപ്പോൾ കടുത്ത ക്ഷാമമാണ്.

ജെ.ജെ. ആശുപത്രി, കെ.ഇ.എം, സയൺ, നായർ തുടങ്ങിയ മുംബൈയിലെ പ്രമുഖ സർക്കാർ മെഡിക്ക മെഡിക്കൽ കോളേജുകളിലും കാൻസർ ചികിത്സാ കേന്ദ്രമായ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലും ആവശ്യത്തിന് രക്തം ലഭ്യമല്ലാത്ത അവസ്ഥയാണ്. അടിയന്തര സാഹചര്യങ്ങൾക്കായി സൂക്ഷിച്ചുവെക്കാറുള്ള കരുതൽ ശേഖരം പോലും പലയിടത്തും തീർന്നുതുടങ്ങി. രോഗികളുടെ ബന്ധുക്കളോട് തന്നെ ദാതാക്കളെ കണ്ടെത്താൻ ആശുപത്രി അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. ആവശ്യത്തിന് രക്തം ലഭ്യമാകാത്തതിനെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടി വരുന്നു.

സാമ്പത്തിക വർഷാവസാനമായ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോർപ്പറേറ്റ് കമ്പനികളിൽ ജോലിത്തിരക്ക് കാരണം ക്യാമ്പുകൾ കുറയാറുണ്ടെങ്കിലും, ഇത്തവണത്തെപ്പോലെ ഒരു പ്രതിസന്ധി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് ബ്ലഡ് ബാങ്ക് ഭാരവാഹികൾ വ്യക്തമാക്കുന്നു. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും അടിയന്തരമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. നഗരത്തിലെ യുവാക്കളും സന്നദ്ധപ്രവർത്തകരും മുന്നോട്ടുവന്ന് രക്തം ദാനം ചെയ്ത് ജീവനുകൾ രക്ഷിക്കാൻ കൈകോർക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആഹ്വാനം.

You may also like