മുംബൈ :ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) കൺവീനറും പ്രമുഖനുമായ അഭിജീത് ദീപകെയുടെയും മറ്റ് പ്രതിഷേധക്കാരുടെയും അറസ്റ്റിൽ ഡൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മാതാപിതാക്കൾ രംഗത്ത്. വിദ്യാർത്ഥികളുടെ സമരത്തിനെതിരെ എന്തിനാണ് ഇത്രയധികം പോലീസ് സേനയെ വിന്യവിച്ചതെന്നും ഡൽഹിയിൽ സമരം ചെയ്യുന്നത് ചമ്പലിലെ കൊള്ളക്കാരാണോ എന്നും അഭിജീത് ദീപകെയുടെ പിതാവ് ഭഗവാൻ ദീപകെ ചോദിച്ചു. പാർലമെന്റിലിരിക്കുന്നവരാണ് യഥാർത്ഥ കൊള്ളക്കാരെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിനെതിരെ സമരം ചെയ്യാൻ എന്തിനാണ് മുൻകൂട്ടി അനുമതി തേടേണ്ടതെന്നും, രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്നും ഭഗവാൻ ദീപകെ വ്യക്തമാക്കി. സർക്കാരിനെ തുറന്നുകാട്ടുന്ന സമരത്തിന് എതിരെ എങ്ങനെയാണ് സർക്കാരുടേതുപോലെയുള്ള അനുമതി ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് അഭിജീത് ദീപകെ ചന്ദ്രശേഖർ ആസാദിനെയും ഭഗത് സിംഗിനെയും പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിജീത് ദീപകെയുടെ മാതാവ് അനിത ദീപകയും സർക്കാർ നടപടിയെ ശക്തമായി വിമർശിച്ചു. വിമാനത്തിൽ വെച്ച് സമരക്കാരെ കസ്റ്റഡിയിലെടുത്തത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടിയാണെന്ന് അവർ കുറ്റപ്പെടുത്തി. പീഡനക്കേസുകളിലെ പ്രതികളുടെ വീടുകളിൽ പോയി അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പോലീസ്, യാതൊരു ആവശ്യവുമില്ലാതെയാണ് അഭിജീത് ദീപകെയെ ഉൾപ്പെടെയുള്ളവരെ വിമാനത്തിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ CJP പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കനത്ത പോലീസ് നടപടിക്കിടെയാണ് അഭിജീത് ദീപകെയുടെ മാതാപിതാക്കളുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.