ലെൻസിലൂടെ ഒരു പ്രവാസി ഓണം: കാൻവാസിൽ തെളിയുന്ന നഗരവസന്തം

രഞ്ജിത്ത് നാരായണൻ

by WhatsUp Mumbai

നാട്ടിലെ തുമ്പപ്പൂവും തുമ്പിയുമുള്ള ഓണക്കാലത്തിന്റെ ഓർമ്മകളുമായി കണ്ണൂരിൽ നിന്ന് മുംബൈയിലെത്തുമ്പോൾ, മനസ്സിൽ നിറയെ നൊസ്റ്റാൾജിയ മാത്രമായിരുന്നു. പ്രകൃതി ഒരുക്കുന്ന നാടൻ ഓണത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലെന്ന ചിന്തയായിരുന്നു തുടക്കത്തിൽ. എന്നാൽ, നവി മുംബൈയിൽ സ്ഥിരതാമസമാക്കി, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രൊഫഷണൽ വീഡിയോഗ്രാഫറായും ക്യാമറാമാനായും തുടരുമ്പോൾ ആ കാഴ്ചപ്പാട് തികച്ചും മാറി.

നഗരത്തിലെ അസംഖ്യം മലയാളി സംഘടനകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഓണാഘോഷങ്ങൾക്ക് സാക്ഷിയാകാനും, അത് ക്യാമറയിൽ പകർത്താനും കഴിഞ്ഞത് ഒരു അപൂർവ്വഭാഗ്യമായാണ് ഞാൻ കാണുന്നത്. വടക്കൻ മുംബൈ മുതൽ ന്യൂ മുംബൈ വരെയുള്ള ഹാളുകളിൽ, അതിരാവിലെ മുതൽ പന്തലൊരുക്കി, അത്തപ്പൂക്കളമിട്ട്, പട്ടുപാവാടയും കസവുമുണ്ടുമുടുത്ത് മലയാളികൾ എത്തുമ്പോൾ അവിടെ ജനിക്കുന്നത് നാട്ടിലേക്കാൾ വലിയൊരു ആഘോഷക്കാഴ്ചയാണ്.

ലെൻസിലൂടെ തെളിയുന്ന ഓണം

ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുമ്പോൾ ഒന്നു വ്യക്തമാണ്—ഓണം എന്നത് കേവലം ഒരു തീയതിയോ ചടങ്ങോ മാത്രമല്ല,   പ്രവാസിയുടഓണം  വിതുമ്പലുകളെയും സന്തോഷങ്ങളെയും ഒരുപോലെ കോർത്തെടുക്കുന്ന വൈകാരികമായ ഒരു അനുഭവമാണ്. കിലോമീറ്ററുകൾക്കപ്പുറമുള്ള മാതൃഭൂമിയുടെ സ്നേഹവും മണവും, മുംബൈയുടെ യാന്ത്രികതയിലേക്ക് തുന്നിച്ചേർക്കുന്ന അത്ഭുതമാണ് ഓരോ ഓണക്കാലത്തും ഇവിടെ സംഭവിക്കുന്നത്.

ആദ്യകാലങ്ങളിൽ പ്രവാസി ഓണത്തെ വെറുമൊരു ചടങ്ങായി കണ്ടിരുന്നതെങ്കിൽ, ഓരോ വർഷവും ഇതിന്റെ വൈവിധ്യം നേരിട്ടറിയാൻ സാധിച്ചു. ചെറിയൊരു ഫ്ലാറ്റിന്റെ വിസ്തൃതിക്കുള്ളിൽ ഒതുങ്ങുന്ന ഓണാഘോഷങ്ങൾ മുതൽ, ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വൻകിട ഓണസദ്യകളും മെഗാ തിരുവാതിരകളും വരെ  ക്യാമറയിൽ പതിഞ്ഞു. അട്ടഹാസത്തോടെയുള്ള വടംവലിയുടെ മുഹൂർത്തങ്ങൾ, വിഭവസമൃദ്ധമായ ഇലസദ്യ വിളമ്പുമ്പോൾ പ്രായമായവരുടെ മുഖത്തു വിരിയുന്ന ചിരി, കുട്ടികളുടെ കളിചിരികൾ—ഇവയെല്ലാം ഫ്രെയിമിലാക്കുമ്പോൾ കിട്ടുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണ്.

മുംബൈയിൽ ഓണം എന്നാൽ മലയാളികളുടെ മാത്രം ആഘോഷമല്ലെന്നും, അന്യസംസ്ഥാനക്കാരായ അയൽവാസികളും സഹപ്രവർത്തകരും ഒത്തുചേരുന്ന മഹോത്സവമാണെന്നും ഓർക്കുന്നു. വിവിധ സംസ്കാരങ്ങളുടെ ഈ സംഗമം ക്ലിക്ക് ചെയ്യുമ്പോൾ തന്റെ തൊഴിലിനോടൊപ്പം വലിയൊരു സാംസ്കാരിക ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയും ഉണ്ട്.
നാട്ടിലെ മണ്ണിൽ നിന്നും പൂക്കളിൽ നിന്നും അകലെയാണെങ്കിലും, മനസ്സുകൊണ്ട് അതിനേക്കാൾ പ്രകാശത്തോടെ ഓണം ആഘോഷിക്കുന്ന മുംബൈ മലയാളി സമൂഹത്തിന് മുന്നിൽ ക്യാമറ തിരിക്കുമ്പോൾ, നാട്ടിലെ  ഓണം ഒരു ചടങ്ങായി മാറുന്ന ഈ കാലഘട്ടത്തിൽ    പ്രവാസ ഓണം ഒട്ടും ചോർന്നുപോകാത്ത വലിയൊരു ആവേശമാണ്…

(രഞ്ജിത്ത് നാരായണൻ, കമൽ സ്റ്റുഡിയോ )

You may also like