കുറവൻ മലയുടെ തണലിലെ പൊന്നോണം

എൽദോ ഐസക്

by WhatsUp Mumbai

ഇടുക്കിയിലെ കുറവൻ മലയുടെ അടിവാരത്തായിരുന്നു എന്റെ വീട്. ഓണക്കാലമാകുന്നതോടെ, പേരറിയാത്ത ചുവപ്പുമനോഹരമായ പൂക്കൾ കൊണ്ട് വീടിന്റെ മേൽക്കൂര മുഴുവൻ നിറഞ്ഞുനിൽക്കും. വിസ്തൃതമായ പറമ്പിലും വീട്ടിലുമായി ധാരാളം പണിക്കാർ; വിളവെടുത്ത മത്തങ്ങയും ചേനയുമെല്ലാം വീടിന്റെ മുറ്റത്ത് വലിയ കൂട്ടങ്ങളായി അടുക്കിക്കൂട്ടിയിരിക്കും. വീട്ടുപണികളുടെയും വിളവെടുപ്പിന്റെയും മേൽനോട്ടവുമായി മമ്മി അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്ന കാഴ്ച ഇപ്പോഴും മനസ്സിലുണ്ട്.

ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതോടെ മനസ്സ് നിറയെ സന്തോഷമാണ്. ഓണത്തിന്റെ യഥാർത്ഥ ഒരുക്കങ്ങൾ അവിടെ തുടങ്ങുകയായി. കോൺട്രാക്ടറായ പപ്പാ, പപ്പയുടെ ലോറിയിലെ വലിയ വടംപോലെയുള്ള കയർ ഞങ്ങൾക്ക് ഊഞ്ഞാൽ കെട്ടാനായി തരുന്നതോടെയാണ് ഞങ്ങളുടെ ആഘോഷങ്ങൾക്ക് കൊടിയേറുന്നത്. വീടിന്റെ വശത്തുള്ള വലിയ പ്ലാവിന്റെ ശക്തമായ കൊമ്പിൽ പണിക്കാരെക്കൊണ്ട് പപ്പാ ആ വലിയ കയറിൽ ഊഞ്ഞാൽ കെട്ടിച്ചുതരും. അന്നു മുതൽ ഞങ്ങളുടെ ഓണാഘോഷം തകർക്കുകയായി.
അയൽപക്കത്തുള്ള കൂട്ടുകാരെല്ലാം പ്രായഭേദമന്യേ രാവിലെ മുതൽത്തന്നെ എത്തും. കേമൻ, രജിത്, സിജിത്ത്, ടിനു, ഡിറ്റജ്, ഡിന്റാ, സന്തോഷ്‌ ചേട്ടൻ, തമ്പി ചേട്ടൻ, സുനി ചേച്ചി, അജിതമ ചേച്ചി അങ്ങനെ വലിയൊരു സംഘം തന്നെ അവിടെയുണ്ടാകും. ഉയരത്തിൽ ആടിപ്പോയി, താഴെ നിൽക്കുന്ന ഒരു ചെറിയ തെങ്ങിന്റെ മുകളിൽ തൊടുക എന്നതായിരുന്നു മുതിർന്നവരുടെ ശൈലി. അത്രയും വേഗത്തിൽ ആടി തെങ്ങിൽ തൊടുന്നവരെ കുട്ടികളായ ഞങ്ങൾ ഒരു വീരന്റെ പരിവേഷത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. കൈയടികളും ആർപ്പുവിളികളുമായി ആ പ്രദേശം മുഴുവൻ ഉത്സവപ്പറമ്പായി മാറും. രാവിലെ മുതൽ രാത്രി വരെ ആ പ്ലാവിൻചുവടും ഊഞ്ഞാൽ പരിസരവും ആഘോഷമുഖരിതമായിരിക്കും.

പറമ്പ് മുഴുവൻ പൂത്തുലഞ്ഞു കിടക്കുകയാവും. ആ പൂക്കളുടെ തേൻ നുകരാൻ ധാരാളം കിളികളും എത്തും. ഓണനാൾ പുലരുമ്പോൾ അനിയൻ എബിയും ഞാനും കൂട്ടുകാരും ചേർന്ന് പറമ്പിലൂടെ നടന്ന് പൂക്കൾ പറിക്കും. പല വർണ്ണങ്ങളിലുള്ള നാട്ടുപൂക്കൾക്കിടയിൽ, ഞങ്ങൾ ഇടുക്കിക്കാർ “കൈപ്പപ്പള്ള” എന്ന് വിളിക്കുന്ന മഞ്ഞപ്പൂക്കളായിരുന്നു പ്രധാന താരം. അങ്ങനെ പറിച്ചെടുത്ത പൂക്കൾ കൊണ്ട് വീടിന്റെ മുറ്റത്ത് മനോഹരമായ അത്തപ്പൂക്കളമൊരുക്കും.

പൂക്കളമിടലും ഊഞ്ഞാലാട്ടവും ഓണക്കളികളും കഴിഞ്ഞാൽ അമ്മയുടെ വക ഓണസദ്യയ്ക്കായുള്ള വിളിവരും. കുട്ടികൾ എല്ലാവരും വീടിന്റെ തിണ്ണയിൽ നിരന്നിരിക്കും. അമ്മ വാഴയിലയിൽ വിളമ്പിത്തരുന്ന വിഭവസമൃദ്ധമായ സദ്യ എല്ലാവരും ഒന്നിച്ച് കഴിക്കും. സദ്യ കഴിഞ്ഞാൽ പിന്നെ പാത്രങ്ങളിൽ തട്ടിയുള്ള പാട്ടും മേളവുമാണ്.

ഉച്ചകഴിഞ്ഞാൽ ഇടുക്കി ടൗണിലെ ഓണപരിപാടികൾ കാണാനുള്ള യാത്രയാണ്. കൂട്ടുകാരെല്ലാം ചേർന്ന്, വീടിന് താഴെയുള്ള പൂക്കൾ നിറഞ്ഞ കുറുക്കുവഴിയിലൂടെ നടന്ന് ടൗണിലേക്ക് പോകും. അവിടെ പുലിക്കളി, തലപ്പന്തുകളി, കവിങ്ങുകയറ്റം തുടങ്ങി പലവിധ കളികളും ആഘോഷങ്ങളും അരങ്ങേറും. ഇടുക്കിയിൽ പോകാൻ അന്ന് മാത്രമേ പപ്പാ എനിക്കും അനിയനും അനുവാദം തരാറുള്ളൂ—അതുകൊണ്ട് തന്നെ അതൊരു വലിയ ‘ഓണ ബോണസ്’ ആയിരുന്നു. ഓണക്കളികളൊക്കെ കണ്ട്, മിഠായികളും വാങ്ങി ആ പൂവഴികളിലൂടെത്തന്നെ വൈകുന്നേരം വീട്ടിലേക്ക് മടങ്ങും.

ഓണാവധി അവസാനിക്കാറാകുമ്പോൾ, ആ വലിയ കയർ പപ്പാ പണിക്കാരെക്കൊണ്ട് അഴിപ്പിക്കും. അതോടെ ഞങ്ങളുടെ ഓണാഘോഷങ്ങളുടെ കൊടിയിറങ്ങും. വീണ്ടും അടുത്ത വർഷത്തെ ഓണത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ്.

സുഖമുള്ള ഓർമ്മകളായിരുന്നു ആ കുട്ടിക്കാലത്തെ ഓണക്കാലം. ഇന്നും മനസ്സിൽ മായാതെ തിളങ്ങിനിൽക്കുന്ന, തിരികെ പോകാൻ കൊതിപ്പിക്കുന്ന എത്രയോ സുന്ദരമായ നിമിഷങ്ങൾ!

എല്ലാ പ്രിയപ്പെട്ടവർക്കും പൂക്കളത്തിന്റെ നിറവും, ഓണസദ്യയുടെ രുചിയും, ഒത്തുചേരലിന്റെ സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു!

​(എൽദോ ഐസക്, സിനിമാട്ടോഗ്രാഫർ)

You may also like