മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ ഉണ്ടായ വെടിവയ്പ്പ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ശേഷം പ്രതികൾ ഡൽഹി വഴി നേപ്പാളിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി കോട്ട സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) തേജസ്വനി ഗൗതം വ്യക്തമാക്കി. രാജസ്ഥാനിലെ കോട്ടയിൽ വെച്ച് പിടിയിലായ മൂന്ന് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
കൃത്യം നടത്തിയ ശേഷം പ്രതികൾ ട്രെയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജയ്പൂരിൽ നിന്നും ബസ് മാർഗ്ഗം ഡൽഹിയിലെത്തി അവിടെനിന്നും നേപ്പാൾ അതിർത്തി കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. മുംബൈ പൊലീസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ട എസ്.പി തേജസ്വനി ഗൗതമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്ന് പ്രതികൾ പിടിയിലായത്.
മുംബൈയിലെ ജുഹുവിലുണ്ടായ വെടിവയ്പ്പ് സംഭവത്തിന് ശേഷം ഒളിവിലായ പ്രതികളെ പിടികൂടാൻ മുംബൈ പോലീസ് സംഘം കോട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസിന് കൈമാറുമെന്ന് എസ്.പി തേജസ്വനി ഗൗതം അറിയിച്ചു. നിലവിൽ പ്രതികളിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.