പാൽഘർ: പാൽഘർ കൈരളി സമാജത്തിന്റെ 30-ാമത് ഓണാഘോഷം ഒക്ടോബർ 2-ന് ലയൺസ് ക്ലബ് ഹാളിൽ വർണ്ണാഭമായ കലാരൂപങ്ങളോടെയും സാംസ്കാരിക പരിപാടികളോടെയും പ്രൗഢമായി ആഘോഷിച്ചു.

ചടങ്ങിൽ അഡ്വ. രാഖി സുനിൽ മുഖ്യാതിഥിയായിരുന്നു. മുംബൈ മലയാളികൾക്ക് ഓണം ചിങ്ങമാസത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും വിവിധ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ രണ്ടു മൂന്നു മാസത്തോളം നീണ്ടുനിൽക്കാറുണ്ടെന്നും അവർ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകാനും മലയാളി സമൂഹത്തെ ഒന്നിച്ചുനിർത്താനും ഇത്തരം ആഘോഷങ്ങൾ സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
പാൽഘർ ജില്ലാ അസിസ്റ്റന്റ് കളക്ടർ അമൽ പി.വി., കോസ്റ്റ് ഗാർഡ് കമാൻഡർ ജിത്തു ജോസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സമാജം പ്രസിഡന്റ് ബിബീഷ് നായർ, സെക്രട്ടറി ഷാജികുമാർ നായർ, ട്രഷറർ മണി കെ, കൺവീനർ മാത്യു തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. താരപ്പൂർ മലയാളി സമാജം സെക്രട്ടറി സുദീപ് നായർ, ദഹാനു മലയാളി സമാജം പ്രസിഡന്റ് എബ്രഹാം ടി.കെ. എന്നിവരും മറ്റ് വിശിഷ്ടവ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

സമാജം അംഗങ്ങൾ അവതരിപ്പിച്ച പരമ്പരാഗത കേരളീയ കലാരൂപങ്ങളും വിവിധ സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. മാവേലിയുടെ എഴുന്നള്ളത്ത് സദസ്സിന് ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ അവസാനിച്ചത്.







