പൂനെ: മൂന്ന് മാസം ഗർഭിണിയായ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം കേസ് തിരിച്ചുവിടാൻ കവർച്ചാക്കഥ മെനഞ്ഞ ഐടി എഞ്ചിനീയർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങി. പൂനെ ദേഹുഗാവിലെ വാടകവീട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. കേസിൽ ഘാട്കോപ്പർ സ്വദേശിയായ ആകാശ് ബരാസ്കർ (31) എന്ന സോഫ്റ്റ്വെയർ എഞ്ചിനീയർക്കെതിരെ ദേഹു റോഡ് പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. 28 കാരിയായ ശുഭാംഗിയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആകാശ് സ്വയം പരിക്കേൽപ്പിക്കുകയും കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് മുന്നിൽ, കവർച്ചാ സംഘം തങ്ങളെ ആക്രമിച്ചതാണെന്ന് വരുത്തിതീർക്കാനാണ് ആകാശ് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശുഭാംഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാക്കഥ പൊളിഞ്ഞത്. ഞായറാഴ്ച പുലർച്ചെ നാല് മണി വരെ ദമ്പതികൾ തമ്മിൽ കടുത്ത വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ അഞ്ച് മാസമായി താമസിക്കുന്ന വീട്ടിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും കണ്ടെത്തി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ആകാശ്, താൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും തുടർന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
ഹിഞ്ചെവാഡിയിലെ സോഫ്റ്റ്വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ആകാശും സ്വകാര്യ കമ്പനി ജീവനക്കാരിയായ ശുഭാംഗിയും 2023-ലാണ് വിവാഹിതരായത്. സ്വന്തം നാടായ അഹില്യാനഗർ ജില്ലയിൽ കൃഷിഭൂമി വാങ്ങുന്നതിനെ ശുഭാംഗി എതിർത്തതിനെ തുടർന്ന് ആകാശ് നിരന്തരം ഉപദ്രവിച്ചിരുന്നതായി ശുഭാംഗിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന കാര്യം പരിഗണിക്കാതെയാണ് ആകാശ് ഉപദ്രവം തുടർന്നതെന്നും പരാതിയിലുണ്ട്. രണ്ടാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആകാശ് ബരാസ്കറിനെ ഡിസ്ചാർജ് ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് ദേഹു റോഡ് സീനിയർ പൊലീസ് ഇൻസ്പെക്ടർ വിക്രം ബൻസോഡെ അറിയിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.