മുംബൈ: സംസ്ഥാനത്ത് ഉത്സവ സീസണുകളോടനുബന്ധിച്ച് വർധിച്ചുവരുന്ന ശബ്ദമലിനീകരണത്തിൽ കർശന നിലപാടുമായി മുംബൈ ഹൈക്കോടതി. ഞങ്ങൾ ആഘോഷങ്ങൾക്ക് എതിരല്ലെന്നും എന്നാൽ അതിരുകടക്കുന്ന ശബ്ദമലിനീകരണത്തിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ ഉയരുന്ന കടുത്ത ശബ്ദമലിനീകരണ വിഷയത്തിൽ തിങ്കളാഴ്ച മുംബൈ ഹൈക്കോടതി സ്വമേധയാ (സുവോ മോട്ടോ) കേസ് എടുക്കുകയായിരുന്നു.
ഉത്സവ ആഘോഷങ്ങളുടെ പേരിൽ ഡിജെ, വൻകിട സൗണ്ട് സിസ്റ്റങ്ങൾ എന്നിവ ഉപയോഗിച്ച് അനുവദനീയമായ പരിധിക്കും മുകളിൽ ശബ്ദമുണ്ടാക്കുന്നത് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് രോഗികൾക്കും വയോധികർക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകൾ കോടതി ചൂണ്ടിക്കാട്ടി. ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദേശം നൽകി.
ആഘോഷങ്ങൾ നടത്തുമ്പോൾ പൗരന്മാരുടെ സ്വസ്ഥമായ ജീവിതത്തിനുള്ള അവകാശവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ശബ്ദമലിനീകരണം തടയുന്നതിൽ അധികൃതർ സ്വീകരിച്ച നടപടികളും ഇതിനായി തയാറാക്കിയ മാർഗരേഖകളും വ്യക്തമാക്കിക്കൊണ്ട് മറുപടി നൽകാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.