മുംബൈയിൽ വീണ്ടും മെട്രോ നിർമാണ ദുരന്തം; ബാരിക്കേഡ് വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു, ഫെബ്രുവരിക്ക് ശേഷം ബലിയാടാകുന്ന നാലാമത്തെയാൾ

by WhatsUp Mumbai

മുംബൈ: മുംബൈ മെട്രോ ലൈൻ 4 നിർമാണ സ്ഥലത്ത് വീണ്ടും വൻ സുരക്ഷാവീഴ്ചയും ദാരുണ മരണവും. വിക്രോളി വെസ്റ്റിലെ എൽബിഎസ് മാർഗിൽ മെട്രോ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് തകർന്നു വീണു ബൈക്ക് യാത്രക്കാരനായ പ്ലംബർ കൊല്ലപ്പെട്ടു. ഘാട്കോപ്പർ സ്വദേശിയായ വസീം ഹൈദർ ഇസ്മായിലി (54) ആണ് മരിച്ചത്. ഈ വർഷം ഫെബ്രുവരിക്ക് ശേഷം മെട്രോ ലൈൻ 4 നിർമാണ മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ അപകടവും സംഭവിക്കുന്ന നാലാമത്തെ മരണവുമാണിത്.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെ ജോലി ആവശ്യത്തിനായി ഘാട്കോപ്പറിൽ നിന്നും മുളുണ്ടിലേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര തിരിക്കുകയായിരുന്നു വസീം ഹൈദർ. നിർമാണം പുരോഗമിക്കുന്ന ഗോദ്റെജ് കമ്പനി മെട്രോ സ്റ്റേഷന് സമീപമെത്തിയപ്പോൾ പെട്ടെന്ന് വലിയ ഇരുമ്പ് ബാരിക്കേഡ് ഇദ്ദേഹത്തിന്റെ വാഹനത്തിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വസീമിനെ ഉടൻ തന്നെ ഘാട്കോപ്പറിലെ രാജാവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12.30-ഓടെ മരണം സ്ഥിരീകരിച്ചു.

അപകടത്തെ തുടർന്ന് പ്രോജക്ട് ഡയറക്ടർ, സൈറ്റ് സൂപ്പർവൈസർ, മാനേജർ, മറ്റ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 106 (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം പാർക്ക്‌സൈറ്റ് പൊലീസ് കേസെടുത്തു. വസീം ഹൈദറിന്റെ മകൻ അലി റസാ വസീം ഹൈദർ റിസ്‌വിയുടെ പരാതിയിലാണ് കേസ്. സംഭവത്തിൽ കരാറുകാരായ എം/എസ് ഗോദ്റെജ് & ബോയ്‌സിന് (M/s Godrej & Boyce) എംഎംആർഡിഎ (MMRDA) 2 കോടി രൂപ പിഴ ചുമത്തി.

മെട്രോ ലൈൻ 4 നിർമാണത്തിൽ തുടർച്ചയായുണ്ടാകുന്ന സുരക്ഷാവീഴ്ചകൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സെപ്റ്റംബർ 12-ന് വഡാലയിലെ ഭക്തി പാർക്ക് മോണോറെയിൽ സ്റ്റേഷന് സമീപം അയൺ സ്റ്റേജിങ് പ്ലാറ്റ്‌ഫോം തകർന്നു വീണു രണ്ട് നിർമാണ തൊഴിലാളികളായ നഹിജ് (33), സകീം (37) എന്നിവർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നിർമാണ കമ്പനിക്ക് എംഎംആർഡിഎ 6 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് മുൻപ് ഫെബ്രുവരി 14-ന് മുളുണ്ടിൽ കോൺക്രീറ്റ് സ്ലാബ് ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്ക് വീണു റാംധനി യാദവ് (49) എന്നയാളും കൊല്ലപ്പെട്ടിരുന്നു.

You may also like