മുംബൈ: കുട്ടിയുടെ ക്ഷേമവും വൈകാരിക സ്ഥിരതയുമാണ് ഏറ്റവും പ്രധാനമെന്നും, രണ്ടുമാസം പ്രായമുള്ളപ്പോൾ മുതൽ വളർത്തുന്നവരോടൊപ്പം കഴിയുന്ന 11 വയസ്സുകാരിയുടെ ഇടക്കാല കസ്റ്റഡി സ്വന്തം മാതാപിതാക്കൾക്ക് നൽകാനാകില്ലെന്നും ബോംബെ ഹൈക്കോടതി. കുട്ടിയുടെ കസ്റ്റഡി വ്യവസ്ഥയിൽ തൽക്കാലം മാറ്റം വരുത്താൻ വിസമ്മതിച്ച ഹൈക്കോടതി, പെൺകുട്ടിയുടെ ഇടക്കാല കസ്റ്റഡി ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി തള്ളി. ജസ്റ്റിസ് എൻ ജെ ജമാദാർ ആണ് ഉത്തരവിട്ടത്.
രണ്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് പെൺകുട്ടി എതിർകക്ഷിയുടെയും ഭാര്യയുടെയും സംരക്ഷണത്തിലാകുന്നത്. തുടർന്ന് 10 വർഷത്തോളമായി കുട്ടി ഇവർക്കൊപ്പമാണ് കഴിയുന്നത്. ഇവരെയാണ് കുട്ടി മാതാപിതാക്കളായി കരുതുന്നതെന്നും, വളർത്തച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പെട്ടെന്നുള്ള കസ്റ്റഡി മാറ്റം കുട്ടിയുടെ ദിനചര്യകളെ ബാധിക്കുകയും മാനസികാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്യും.
കുട്ടിയെ ദത്തെടുത്തതാണെന്ന് എതിർകക്ഷി അവകാശപ്പെടുമ്പോൾ, തങ്ങൾ താൽക്കാലികമായി ഏൽപ്പിച്ചതാണെന്നാണ് ജന്മം നൽകിയ മാതാപിതാക്കളുടെ വാദം. കല്യാൺ ജില്ലാ കോടതി ഇടക്കാല കസ്റ്റഡി നിഷേധിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. നിയമപരമായ ദത്തെടുക്കൽ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, കുട്ടി നിലവിൽ പഠിക്കുന്ന സ്കൂളിന് സമീപമുള്ള സ്ഥലത്തുവെച്ച് എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും 3 മണിക്കൂർ വീതം കുട്ടിയെ കാണാൻ ജന്മം നൽകിയ മാതാപിതാക്കൾക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ ഉത്തരവിലെ പരാമർശങ്ങൾ വിചാരണക്കോടതിയിലെ കേസിനെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.