ഓണം – കവിത

വിജയ കൃഷ്ണൻ മണ്ണൂർ

by WhatsUp Mumbai

*ഓണം*

ഓർമ്മയിലെന്നും പൂക്കൾ വിരിക്കും
 പൊന്നോണത്തിൻ നാദം
ഓണം നാളിൽ വന്നെത്താനിന്നു
 മാവേലിക്കും നാണം

മണ്ണിന്നുരുള കുഴച്ചുരുട്ടി 
മുറ്റത്തൊക്കെ നിരത്തി
പണ്ടെന്നമ്മ പറഞ്ഞതു കേട്ടു 
കാത്തിരുന്നു ഞാനും

ചിങ്ങം വന്നു പിറന്നപ്പോളെൻ 
ചിത്തം പാതി തെളിഞ്ഞു
കള്ളക്കർക്കിടകത്തിൻ ഭീതിത 
രാവുകൾ പോയി മറഞ്ഞു

അത്തപ്പുലരിയഞ്ഞൂ പുത്തൻ 
മോഹം കൂട്ടിനു വന്നൂ
അത്തം പത്തിനു പൊന്നോണം ഞാൻ 
മുത്തശ്ശിക്കഥയോർത്തു

പത്താം നാൾ വരുമല്ലോ 
പാതാളത്തിൽ നിന്നും 
പാടിപ്പഴകിയ കഥയിലെ നായക-
നോരോ കുടിലുകൾ തോറും

പൂവിളി കേട്ടെന്നുണരാം പിന്നെ 
പൂക്കളമിട്ടു വിളിക്കാം 
മാബലിമന്നനു മലയാളത്തിൻ
സ്വാഗതഗാനം പാടാം

മാരിക്കാറുകളൊഴിഞ്ഞ  മാനം 
മിഴികൾ തുറന്നു ചിരിച്ചു 
മാബലിമന്നൻ വരുമെന്നോർത്തെൻ 
മാനസമൊന്നു തുടിച്ചു

തുമ്പകൾ ചിരിയായ് നിന്നൊരു തൊടിയിൽ 
തുമ്പികൾ പാറി നടന്നൂ 
തിരുവോണത്തിനു തിരുമുറ്റത്തൊരു 
പാദചലനം കാത്തൂ

ഓർമ്മയിലെന്നും പൂക്കൾ വിരിക്കും
 പൊന്നോണത്തിൻ നാദം
ഓണം നാളിൽ വന്നെത്താനിന്നു
 മാവേലിക്കും നാണം

(പാലക്കാട് മണ്ണൂർ സ്വദേശിയായ വിജയകൃഷ്ണൻ മണ്ണൂർ കഴിഞ്ഞ 20 വർഷമായി ഹൈദരാബാദിലാണ് താമസം. സർഗ്ഗഭൂമി കവിതാ പുരസ്‌കാര ജേതാവാണ്)

You may also like