പരശുരാമൻ മഴു എറിഞ്ഞു വീണ്ടെടുത്ത ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും എന്നും ഒരു പഞ്ഞവുമില്ല. എന്നാൽ, ഏതൊരു മലയാളിയുടെയും ഉള്ളിൽ വികാരത്തിന്റെ കടലിരമ്പം സൃഷ്ടിക്കുന്നത് കൊയ്ത്തുത്സവമായ ഓണം തന്നെയാണ്. ഓണമെന്ന വാക്കു കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് ബാല്യകാലത്തെ അത്തപ്പൂക്കളത്തിന്റെ സുഗന്ധമാണ്.
എന്റെ ജന്മനാടായ കോഴിക്കോട്ടെ ഗ്രാമീണഭംഗി തുടിക്കുന്ന അന്തരീക്ഷത്തിലാണ് എന്റെ ഓണ ഓർമ്മകൾ പൂത്തുലയുന്നത്. ഓർമ്മവെച്ച നാൾ മുതൽ ചാണകം മെഴുകിയ മുറ്റത്താണ് ഞങ്ങൾ പൂക്കളമൊരുക്കാറുള്ളത്. പ്രഭാതത്തിൽ മുറ്റം അടിച്ചുവാരി, ചാണകം മെഴുകി, ആദ്യമായി മുക്കുറ്റിപ്പൂവ് വെച്ച് തുടങ്ങുന്ന ആ നിമിഷങ്ങൾക്ക് എന്തൊരു ഭംഗിയായിരുന്നു! ചാറ്റൽമഴയത്ത് പൂക്കൾ തേടി ഇറങ്ങുന്നത് ബാല്യത്തിലെ മറക്കാനാവാത്ത ഹരമായിരുന്നു. ചില പ്രദേശങ്ങളിൽ തൃക്കാക്കരപ്പനെ (മാതേരെ) പ്രതിഷ്ഠിച്ച് പൂജിക്കുന്നത് തലമുറകളായി മുടങ്ങാതെ പോരുന്ന പവിത്രമായ ഒരു ആചാരമാണ്.
ദയാലുവും ദാനശീലനുമായ മഹാബലി ചക്രവർത്തിയെക്കുറിച്ചുള്ള കഥകൾ കേട്ടാണ് നമ്മൾ വളർന്നത്. പ്രജകളെല്ലാം ആമോദത്തോടെയും സമത്വത്തോടെയും വാണ ആ സ്വർണ്ണയുഗം സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു സന്ദേശമാണ് നൽകുന്നത്. മൂന്നടി മണ്ണു ചോദിച്ചെത്തിയ വാമനനു മുന്നിൽ ശിരസ്സു നമിച്ച മഹാബലി തമ്പുരാനെ വരവേൽക്കാൻ ഇന്ന് ലോകമെമ്പാടുമുള്ള ഓരോ മലയാളിയും ഒരുങ്ങുകയാണ്.
വർണ്ണശോഭയാർന്ന പൂക്കളങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ, ആവേശകരമായ ഓണക്കളികൾ, ഊഞ്ഞാലാട്ടം, ഓണപ്പാട്ടുകൾ, മനോഹരമായ ചുവടുകൾ… അങ്ങനെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഓരോ ഓണനാളിലും മലയാളി മഹാബലിമന്നനെ നെഞ്ചേറ്റുന്നു. സ്വന്തം നാടുവിട്ട് ഏതൊരു വിദൂരദേശത്ത് വസിച്ചാലും, അവിടെയൊക്കെ ഒത്തൊരുമയോടെ ഈ തിരുവോണം ആഘോഷിക്കാൻ മലയാളി മറക്കാറില്ല. അന്യനാടുകളിലും ഓണവസന്തം വിരിയിച്ചാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഓണം കേവലം ഒരു സംസ്ഥാനത്തിന്റെ പ്രാദേശിക ഉത്സവം മാത്രമല്ല, അതിരുകളില്ലാത്ത ഒരു ദേശീയോത്സവമാണ്!
ജാതി-മത ഭേദമന്യേ ഏവരും കൈകോർക്കുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ് ഓണം. കേരളത്തിൽ ചിങ്ങമാസത്തിലെ ചില നാളുകളിൽ മാത്രം ആഘോഷം ഒതുങ്ങുമ്പോൾ, പ്രവാസി മലയാളികൾ മാസങ്ങളോളമാണ് ഓണത്തിന്റെ ആഹ്ളാദത്തിമിർപ്പിൽ ആറാടുന്നത്. പ്രവാസ ലോകത്തെ മലയാളി കൂട്ടായ്മകളും സംഘടനകളും ചേർന്നാണ് ഓണത്തെ ഒരു മഹാഉത്സവമാക്കി മാറ്റുന്നത്. കൂറ്റൻ പൂക്കളങ്ങൾ തീർത്തും, പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറ്റിയും, നാവിൻതുമ്പിൽ രുചിയൂറുന്ന സദ്യയൊരുക്കിയും മറുനാട്ടുകാർക്ക് മുന്നിൽ മലയാളികൾ എന്നും മാതൃകയാകുന്നു.
മറുനാട്ടിലെ ഓണം കണ്ണിനും മനസ്സിനും ഒരു വിസ്മയക്കാഴ്ച തന്നെയാണ്. ആഘോഷങ്ങളുടെ ഭാഗമായി ഓണച്ചന്തകളും വ്യാപാരമേളകളും സംഘടിപ്പിച്ച്, തനത് കേരളീയ സംസ്കാരം വിദേശീയരിലേക്കും അന്യസംസ്ഥാനക്കാരിലേക്കും എത്തിക്കാൻ പ്രവാസികൾ കാണിക്കുന്ന ഉത്സാഹം പ്രശംസനീയമാണ്.
നമ്മുടെ തനതു കലകളും സംസ്കാരവും ലോകത്തിന് മുന്നിൽ തുറന്നുവെക്കുന്നതിനൊപ്പം മനുഷ്യത്വവും സ്നേഹവുമാണ് മലയാളി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ മലയാളികളല്ലാത്തവരും ഈ സംസ്കാരത്തിന്റെ ഭംഗി അറിഞ്ഞ് നമ്മളോടൊപ്പം ആഘോഷങ്ങളിൽ പങ്കാളികളാകുന്നു.
ഈ കൂട്ടായ്മയിലൂടെയും ആഘോഷങ്ങളിലൂടെയും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് മലയാളി ലോകത്തിന് സമ്മാനിക്കുന്നത്. കേരളത്തിൽ അത്തം മുതൽ തിരുവോണം വരെയെങ്കിൽ, പ്രവാസലോകത്ത് മാസം മുഴുവൻ നീളുന്ന ഒരു മാമാങ്കമാണ് ഓണം. ഈ എക്സ്ക്ലൂസീവ് കൂട്ടായ്മകളും സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ഇനിയും വർഷങ്ങളോളം നിലനിൽക്കട്ടെ.
ജാതി-മത ചിന്തകൾക്കതീതമായി സ്നേഹവും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞതാവട്ടെ ഓരോ ഓണപ്പുലരിയും. വരുംതലമുറകൾക്കായി നമ്മുടെ ഈ മഹത്തായ സംസ്കാരവും പാരമ്പര്യവും നമുക്ക് കാത്തുസൂക്ഷിക്കാം.

(ആശ മണിപ്രസാദ്, അധ്യാപിക,സാംസ്കാരിക പ്രവർത്തക,മുംബൈ)