മുംബൈ: ബോംബെ കേരളീയ സമാജം (BKS) മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മത്സരത്തിൽ കേരളീയ സമാജം ഡോംബിവലി ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായി. മഹാനഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 16 ടീമുകൾ മാറ്റുരച്ച മത്സരം മുംബൈ മലയാളി മഹിളകളുടെ വേറിട്ടൊരു കലാമാമാങ്കമായി മാറി. രാവിലെ 9:30-ന് സമാജം ഭാരവാഹികളും ഭരണസമിതി അംഗങ്ങളും ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. സമാജത്തിന്റെ വനിതാ വിഭാഗം അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരിപാടികൾ നിയന്ത്രിച്ചു.
വൈകുന്നേരം 4 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും വൈസ് പ്രസിഡന്റ് കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. എ. ശശി നന്ദിയും പറഞ്ഞു. കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ്, മത്സരവിധികർത്താക്കളായ കലാമണ്ഡലം വിജയശ്രീ, പ്രതിഭ ജനാർദ്ദനൻ, നിഷ ഗിൽബർട്ട് എന്നിവർ വേദി പങ്കിട്ടു.
മത്സരത്തിൽ നാട്യ അക്കാദമി സീവുഡ് രണ്ടാം സ്ഥാനവും ഈസ്റ്റ് കല്യാൺ കേരള സമാജം മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായ 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും സീഗൽ ഇന്റർനാഷണൽ ഗ്രൂപ്പാണ് സ്പോൺസർ ചെയ്തത്. രണ്ടും മൂന്നും സമ്മാനങ്ങളായ 15,000 രൂപയും 10,000 രൂപയും (ഫലകം, സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ഫാമിസ് സ്പൈസസ് LLP നൽകി. പങ്കെടുത്ത എല്ലാ ടീമുകൾക്കും 2,000 രൂപ പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രവും സമ്മാനിച്ചു. പ്രശസ്ത ഗായകർ മധു നമ്പ്യാർ, സെബാസ്റ്റ്യൻ എന്നിവർ സാങ്കേതിക വിഭാഗവും ശ്യാം സീവുഡ് പരിപാടിയുടെ അവതരണവും നിർവഹിച്ചു.