മുളുണ്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 20-ന്

by WhatsUp Mumbai

മുംബൈ: മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 20-ന് മുളുണ്ട് വെസ്റ്റിലെ അപ്ന ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷപൂർവ്വം നടക്കും. രാവിലെ 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ട്രഷറര്‍ മുരളിധരൻ, പ്രോഗ്രാം കൺവീനർ ശശിധരൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സമാജം അംഗങ്ങളും മുംബൈയിലെ പ്രശസ്ത കലാകാരന്മാരും വേദിയിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കും. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിക്കുന്നതാണ്.

കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്കുള്ള അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും. ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്ത്, ഫ്ലവേഴ്‌സ് ടോപ് സിംഗർ സീസൺ 5 വിജയി ശിവ ശങ്കർ കൃഷ്ണ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടും.

നൃത്താധ്യാപിക ഗിരിജ ടീച്ചറുടെ നേതൃത്വത്തിൽ മുളുണ്ടിലെ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ‘ശ്രീകൃഷ്ണ ലീല ബാലെ’, കലാമണ്ഡലം സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ ‘രമണൻ’ അടിസ്ഥാനമാക്കിയുള്ള നൃത്താവിഷ്കാരം എന്നിവയും അരങ്ങേറും. സംഗീത, സുപ്രഭ നായർ, ഇടശ്ശേരി രാമചന്ദ്രൻ എന്നിവരാണ് പരിപാടിയുടെ അവതരണം നിർവഹിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ ഓണാഘോഷ പരിപാടികൾ സമാപിക്കും.

You may also like