രാജപ്രൗഢിയുടെ അത്തച്ചമയവും അവിസ്മരണീയ ഓണക്കാലവും: താരാ വർമ്മ ഓർമ്മകൾ പങ്കുവെക്കുന്നു

താരാ വർമ്മ

by WhatsUp Mumbai

പൂവിളികളും പൂക്കളങ്ങളുമായി അതിരുകളില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു ഓണക്കാലം കൂടി വരവായി. ഓരോ മലയാളിയുടെയും ഉള്ളിൽ വികാരത്തിന്റെ കടലിരമ്പം തീർക്കുന്ന ഗൃഹാതുരത്വത്തിന്റെ മനോഹര തീരമാണ് ഓണം. തുംബപ്പൂവിന്റെ നൈർമ്മല്യവും, ഓണക്കോടിയുടെ പുത്തൻ മണവും, നാടൻ കളികളുടെ ആവേശവും നിറഞ്ഞ ആ പഴയകാല ഓണാഘോഷങ്ങൾ എത്രയോ ഹൃദ്യമായിരുന്നു! മലയാളി എവിടെയുണ്ടോ, അവിടെയെല്ലാം ഓണത്തിന്റെ പെരുമഴക്കാലമുണ്ട്. പൂവിളികൾ മനസ്സിൽ ഉയരുമ്പോൾ, തന്റെ ഓർമ്മച്ചെപ്പിൽ നിന്നും സുന്ദരമായ ആ ഓണനാളുകൾ പുതിയ തലമുറയ്ക്കായി പങ്കുവെക്കുകയാണ് പ്രശസ്ത കഥകളി കലാകാരിയായ താരാ വർമ്മ.

ത്രസിപ്പിക്കുന്ന അത്തച്ചമയവും അത്തപ്പൂക്കള മത്സരങ്ങളും
കൊച്ചി രാജഭരണകാലത്തെ പ്രൗഢി വിളിച്ചോതുന്ന അത്തച്ചമയത്തിന്റെ സ്മരണകളുണർത്തുന്ന അത്തം ഘോഷയാത്ര കാണാൻ ഞങ്ങൾ തൃപ്പൂണിത്തുറയിൽ കുടുംബസമേതം എത്തുമായിരുന്നു. ഓണക്കാലമടുത്താൽ വഴികളും തൊടിയും മുറ്റവുമൊക്കെ ചെത്തിയൊരുക്കി വൃത്തിയാക്കും. ഓർമ്മകളിൽ എന്നും തങ്ങിനിൽക്കുന്നത് അത്തപ്പൂക്കളമൊരുക്കിയ ആ നാളുകളാണ്. അത്തം മുതൽ പത്തുദിവസവും പൂക്കളമിടണം. പറമ്പിലും കാടുകളിലും നടന്ന് പൂക്കൾ പറിക്കുന്നതായിരുന്നു പ്രധാന ലഹരി. തുമ്പപ്പൂവായിരുന്നു കൂട്ടത്തിൽ താരം! അതിനൊപ്പം മുക്കുറ്റി, ചെത്തി, മന്ദാരം, ഈച്ചപ്പൂവ്, പൂച്ചപ്പൂവ് തുടങ്ങിയ കാട്ടുപൂക്കളും. ഇലക്കുമ്പിളിലും പാവാടത്തട്ടിലുമായി പൂക്കൾ ശേഖരിച്ച്, നാലുകെട്ടിന്റെ നടുമുറ്റത്ത് ചാണകം മെഴുകി വട്ടത്തിലാണ് കളമിടുക. അയൽവീടുകളുമായി മത്സരബുദ്ധിയോടെ പൂക്കളമിടുന്ന ആ നാളുകൾ എന്തൊരു രസമായിരുന്നു!

ഓണത്തപ്പന്റെ വരവും കണിശതയുള്ള ആചാരങ്ങളും
ഓണത്തിന് ഓരോ ദിവസത്തിനും അതിന്റേതായ ശാസ്ത്രവും ഭംഗിയുമുണ്ടായിരുന്നു. ഏഴാം നാളായ മൂലത്തിന് ‘മൂല തിരിച്ചിടുക’ എന്നൊരു ആചാരമുണ്ടായിരുന്നു. പൂരാട നാളിൽ വീടിന്റെ പടിവരെ പൂവിതറി ഓണം അരികിലെത്തിയെന്ന് സൂചിപ്പിക്കും. ഉത്രാടനാളിൽ പടികടന്നെത്തുന്ന മാവേലിമന്നനെ വരവേൽക്കാൻ പൂക്കളം പരമാവധി മനോഹരമാക്കും.

തിരുവോണനാളിലാണ് യഥാർത്ഥ ആഘോഷം. കുരുന്നുകൾ കിണ്ടിവെള്ളവും വിളക്കുമായി പോയി ഓണത്തപ്പനെ എതിരേറ്റുകൊണ്ടുവരും. ഓണത്തപ്പനെ മണ്ണുകൊണ്ടുണ്ടാക്കുന്നതാണ് പരമ്പരാഗതം. ഞങ്ങൾ സഹോദരങ്ങൾ ചേർന്ന് ചുമന്ന മണ്ണെടുത്തുണ്ടാക്കിയ ഓണത്തപ്പനെ അരിമാവ് അണിയിച്ച്, ആർപ്പുവിളികളോടെയും വായ്ക്കുരവകളോടെയും എതിരേറ്റ് നടുമുറ്റത്ത് പ്രതിഷ്ഠിക്കും. തലയിൽ തുമ്പക്കുടമണിയിച്ച്, തേങ്ങയുടച്ച് രണ്ട് മുറിയിലും തിരി തെളിയിച്ച്, അടയും അപ്പവും നേന്ത്രപ്പഴവും നേദിച്ച് തുളസിക്കതിരാൽ പൂജിക്കും. സമ്പൽസമൃദ്ധി അടുത്തവർഷം വരെ നീളണേ എന്ന പ്രാർത്ഥനയോടെ തൊഴുതുമടങ്ങും.

ഓണക്കോടിയുടെ ഊഷ്മളതയും കുട്ടിത്തം നിറഞ്ഞ തുമ്പിതുള്ളലും
അത്തം നാളിനെ ‘പിള്ളേരുടെ ഓണം’ എന്നാണ് വിളിച്ചിരുന്നത്. ഓണക്കോടി നൽകൽ ഞങ്ങൾക്ക് പ്രിയപ്പെട്ട ചടങ്ങായിരുന്നു. എന്റെ കുട്ടിക്കാലത്ത് വല്യമ്മാവനാണ് എല്ലാവർക്കും ഓണക്കോടി നൽകിയിരുന്നത്. പിന്നീട് വല്യച്ഛനും ചേച്ചിയുമൊക്കെ ആ ശീലം തുടർന്നു. ആ വാത്സല്യം ഇന്നും എന്റെ ചേച്ചി കാത്തുസൂക്ഷിക്കുന്നു.

പാടവരമ്പത്തും തൊടിയിലും ഓടിനടന്ന് തുമ്പയും തിരുതാളിയും കാക്കപ്പൂവും പറിക്കുമ്പോഴുണ്ടാകുന്ന ആ പൂവിളിയിലാണ് ഓണത്തിന്റെ ആവേശം. പുതിയ ഓണക്കോടിയുടുത്ത് കുട്ടികൾ വട്ടത്തിൽ നിന്ന് പാട്ടുപാടി, നടുവിൽ പൂക്കുലയുമായി നിൽക്കുന്ന കുട്ടിയെ തുള്ളിക്കുന്ന ‘തുമ്പി തുള്ളൽ’ എന്ന വിനോദം ഇന്ന് അപൂർവ്വമായൊരു കാഴ്ചയാണ്.

സമൃദ്ധമായ ഓണസദ്യയും ആവേശകരമായ ഓണക്കളികളും
ഓണാഘോഷത്തിലെ പ്രധാന ആകർഷണം നാവിൻതുമ്പിൽ കൊതിയൂറുന്ന ഓണസദ്യ തന്നെയാണ്. പതിനാറു കൂട്ടം കറികളെങ്കിലുമുള്ള പ്രൗഢമായ സദ്യ! സദ്യകഴിഞ്ഞാൽ പിന്നെ കളികളുടെ മാമാങ്കമാണ്. തലപ്പന്തുകളി, തുമ്പി തുള്ളൽ, ചെമ്പഴുക്കാ കളി, ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി, ഓണത്തല്ല് അങ്ങനെ നീളുന്നു വിനോദങ്ങൾ.

​അന്ന് ഞങ്ങളുടെ നാട്ടുപ്രദേശത്തെ കേശവനും മകൾ വിമലയും ചേർന്ന് അവതരിപ്പിക്കുന്ന ‘ഓണം തുള്ളൽ’ കണ്ട് ദക്ഷിണ നൽകുന്നൊരു പതിവുണ്ടായിരുന്നു. അവരൊക്കെ ഇന്ന് ഓർമ്മ മാത്രമാണ്; എങ്കിലും ആ നല്ല ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. തലപ്പന്തുകളിയിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കാളികളാകും. തോറ്റവരുടെ ചെവിയിൽ ‘ആർപ്പോ… റോ… റോ…’ എന്ന് ഉറക്കെ വിളിക്കുന്നതായിരുന്നു രസം. മുതിർന്നവരുടെ നേർക്ക് ഇത്തരം സ്വാതന്ത്ര്യം എടുക്കാൻ കഴിയുന്ന ഒരേയൊരു ദിനം അന്ന് മാത്രമായിരുന്നു!

മാറ്റത്തിന്റെ സുന്ദരകാലം
ഇല്ലായ്മകളിലും ഉള്ളതുകൊണ്ട് സന്തോഷം കണ്ടെത്താൻ പഠിപ്പിച്ച ആ ഇന്നലെകൾ മലയാളിയുടെ മനസ്സിലെ വിസ്മയകാലമാണ്. അന്നൊക്കെ മുത്തശ്ശിമാരുടെ മടിയിിലിരുന്ന് കേട്ട കഥകൾ, ഇന്ന് പേരക്കുട്ടികൾക്ക് മുന്നിലിരുന്ന് പറഞ്ഞു കൊടുക്കുമ്പോൾ അതൊരു സുന്ദരമായ മാറ്റമായി ഞാൻ തിരിച്ചറിയുന്നു.

മധുരിക്കുന്ന ആ പഴയകാല ഓണഓർമ്മകൾ വേഗത്തിൽ മടങ്ങിവരട്ടെ. ഓരോ ഓണപ്പുലരിയും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ശാന്തിയും ഐശ്വര്യവും സമ്പൽസമൃദ്ധിയും പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

(താരാ വർമ്മ, മുംബൈ
പ്രശസ്ത കഥകളി കലാകാരിയും സാംസ്കാരിക പ്രവർത്തകയുമാണ് താരാ വർമ്മ )

You may also like