മുംബൈ: മഹാരാഷ്ട്രയിൽ കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മലയാളി പ്രതിഭകൾക്കായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ‘പ്രവാസി മലയാളി രത്ന പുരസ്കാരം – 2026’ ഒക്ടോബർ 4-ന് വിതരണം ചെയ്യും.
കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയുടെ സാമൂഹിക, കലാ, സാംസ്കാരിക, കാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ തനിമ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ മെഗാ ഓണാഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
ലോധാ പാലാവ സിറ്റിയിലെ ചന്ദ്രേഷ് ലോധ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന പൊതുഭരണ വകുപ്പ് (General Administration Department) ഡെപ്യൂട്ടി സെക്രട്ടറി R.B. അരുൺ, പ്രശസ്ത ചലച്ചിത്ര-സീരിയൽ താരം ഷാലു കുര്യൻ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ നൽകും.
മുംബൈയിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.